ദേശീയ പണിമുടക്ക്: കേരളം സ്തംഭിച്ചു; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ


ഷീബ I കേരളം

തിരുവനന്തപുരം: വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്കിൽ കേരളം പൂർണ്ണമായും സ്തംഭിച്ചു. പണിമുടക്ക് ആരംഭിച്ചതോടെ സർക്കാർ ജീവനക്കാർക്ക് 'ഡയസ് നോൺ' പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പണിമുടക്കുന്ന ജീവനക്കാർക്ക് ഇന്നത്തെ ശമ്പളം നൽകില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. മിക്ക ജില്ലകളിലും കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങി. ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികൾ കൂടി പണിമുടക്കിൽ അണിനിരന്നതോടെ പൊതുഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. റെയിൽവേ സ്റ്റേഷനുകളിലും മറ്റും എത്തിയ യാത്രക്കാർ വാഹനങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടിലായി. ഇവർക്കായി പോലീസും സന്നദ്ധ സംഘടനകളും സഹായവുമായി രംഗത്തുണ്ട്.

സ്വകാര്യ കാറുകളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങുന്നുണ്ടെങ്കിലും പലയിടത്തും സമരക്കാർ വാഹനങ്ങൾ തടയുന്ന സാഹചര്യമുണ്ടായി. ഫുഡ് ഡെലിവറി ആപ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മിക്ക ഭക്ഷണശാലകളും അടഞ്ഞുകിടക്കുന്നത് തിരിച്ചടിയായി.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉപേക്ഷിക്കുക, കേരളത്തിലെ നെൽകർഷകർക്കുള്ള അധിക ബോണസ് നിർത്തലാക്കാനുള്ള കേന്ദ്ര നിർദ്ദേശം പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

ഐ.എൻ.ടി.യു.സി (INTUC), സി.ഐ.ടി.യു (CITU) ഉൾപ്പെടെ പത്തോളം സംയുക്ത തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. സംയുക്ത കിസാൻ മോർച്ചയും സി.പി.എം, സി.പി.ഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേ, വിമാനത്താവള മേഖലകളിലെ തൊഴിലാളികളും സമരത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, അവശ്യ സേവന മേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിൽ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചപ്പോൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി പൊതുവെ സാധാരണ നിലയിലാണ്. അവിടെ ഗതാഗത സംവിധാനങ്ങൾ തടസ്സമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ ഡൽഹി രാജ്ഘട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് തൊഴിലാളി സംഘടനകൾ മാർച്ച് നടത്തും. ഉച്ചയ്ക്ക് ജന്തർ മന്തറിലും കർഷക-തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത പ്രതിഷേധം അരങ്ങേറും.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed