സോപാനം വാദ്യകലാസംഘത്തിന്റെ വാദ്യസംഗമം; ഒരുക്കങ്ങൾ പൂർത്തിയായി
പ്രദീപ് പുറവങ്കര / മനാമ
സോപാനം വാദ്യകലാസംഘം കോൺവെക്സ് മീഡിയ ഇവന്‍റ്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ബഹ്റൈനിലെ ഏറ്റവും വലിയ വാദ്യസംഗമത്തിന് നാളെ അദാരിപാർക്ക് ഗ്രൗണ്ട് സാക്ഷിയാകും. സാംസ്കാരിക പരിപാടികളിലെ ഏറ്റവും വലിയ വേദിയെന്ന് അവകാശപ്പെടാവുന്ന 50 മീറ്റർ നീളം വരുന്ന പ്രത്യേകമായി രൂപകൽപന ചെയ്ത പടുകൂറ്റൻ വേദിയുടേതടക്കം ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വാദ്യസംഗമത്തിൽ പങ്കെടുക്കാനായി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ജയറാം, കാഞ്ഞിലശ്ശേരി പത്മനാഭൻ, അമ്പലപ്പുഴ വിജയകുമാർ, മട്ടന്നൂർ ശ്രീരാജ്, മട്ടന്നൂർ ശ്രീകാന്ത്, ചിറക്കൽ നിധീഷ്, വെള്ളിനേഴി രാംകുമാർ, മട്ടന്നൂർ അജിത്ത്, കടന്നപ്പള്ളി ബാലകൃഷ്ണ മാരാർ, കൊരയങ്ങാട് സാജു, അരവിന്ദൻ കാഞ്ഞിലശ്ശേരി എന്നിവരടക്കം മുപ്പതോളം കലാകാരന്മാർ ബഹ്റൈനിൽ എത്തിച്ചേർന്നു.
കലാകാരന്മാർക്ക് ഊഷ്മള സ്വീകരണമാണ് ബഹ്റൈൻ എയർപോർട്ടിൽ സോപാനം കുടുംബാംഗങ്ങൾ ഒരുക്കിയത്. മുന്നൂറിൽ പരം വാദ്യകലാകാരന്മാർ അണിനിരക്കുന്ന വമ്പിച്ച പഞ്ചാരിമേളം, എഴുപതിൽപരം കലാകാരന്മാർ പങ്കെടുക്കുന്ന സോപാന സംഗീതം, നൂറിൽപരം നർത്തകരുടെ വർണോത്സവം എന്നിവയുടെ പരിശീലനങ്ങൾ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നു. സോപാനം വാദ്യകലാസംഘത്തിൽ പരിശീലനം നേടിയ 53 പുതുമുഖങ്ങൾ സോപാന സംഗീതത്തിലും പഞ്ചാരിമേളത്തിലുമായി വാദ്യകലാരംഗത്തേക്ക് അരങ്ങേറുന്നു എന്നതും പ്രത്യേകതയാണ്.
വെള്ളിയാഴ്ച വൈകീട്ട് 4 മണി മുതൽ മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് എന്നിവരുടെ തായമ്പകയോടെ ആരംഭിക്കുന്ന വാദ്യസംഗമത്തിൽ നൂറിൽപരം നർത്തകരുടെ വർണോത്സവം നൃത്തപരിപാടിയും തുടർന്ന് വർണാഭ ഘോഷയാത്രയും നടക്കും. സോപാനം ഡയറക്ടറും ഗുരുവുമായ ഗുരു സന്തോഷ് കൈലാസിന്റെയും കോൺവെക്സ് അജിത്ത് നായരുടെയും നേതൃത്വത്തിൽ, ചന്ദ്രശേഖരൻ ചെയർമാനും ജോഷി ഗുരുവായൂർ കൺവീനറുമായ 300 അംഗ സംഘാടക സമിതിയാണ് വാദ്യസംഗമം 2025ന്റെ സംഘാടകർ.
ggdfcg
