അഭയകേന്ദ്രങ്ങളിൽ പരിശോധന നടത്തി ബഹ്റൈൻ തെക്കൻ മേഖല ഗവർണർ; ഇഫ്താർ വിരുന്നും ഒരുക്കി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് തെക്കൻ മേഖല ഗവർണറേറ്റിലെ വിവിധ അഭയകേന്ദ്രങ്ങളിൽ ഗവർണർ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഖലീഫ സന്ദർശനം നടത്തി. കേന്ദ്രങ്ങളുടെ പ്രവർത്തന സജ്ജീകരണങ്ങളും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടിക്രമങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തി.
റമദാനിലെ വാർഷിക പാരമ്പര്യം നിലനിർത്തിക്കൊണ്ട് അദ്ദേഹം അഭയകേന്ദ്രങ്ങളിൽ ഇഫ്താർ ഭക്ഷണ വിതരണവും നടത്തി. സമൂഹത്തിൽ കാരുണ്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും മൂല്യങ്ങൾ വളർത്തുന്നതിനായുള്ള ഗവർണറേറ്റിലെ പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രങ്ങളിലെ സൗകര്യങ്ങളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരിൽ നിന്ന് ഗവർണർ വിവരങ്ങൾ തേടി.
ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം, വോളന്റിയർമാർ, ഫീൽഡ് ടീമുകൾ എന്നിവർ കാണിക്കുന്ന ജാഗ്രതയെയും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിലെ കാര്യക്ഷമതയെയും ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഖലീഫ പ്രശംസിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുമായി ഏകോപിച്ച് പ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
aa


