മിഡിൽ ഈസ്റ്റിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതികൾ പിന്നീട്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ സിബിഎസ്ഇ (Central Board of Secondary Education) അടിയന്തരമായി മാറ്റിവെച്ചു. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ ബോർഡ് അംഗീകൃത സ്കൂളുകളെയാണ് ഈ തീരുമാനം ബാധിക്കുക.
ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക സർക്കുലർ പ്രകാരം മാർച്ച് 12 വ്യാഴാഴ്ച മുതൽ മാർച്ച് 16 തിങ്കളാഴ്ച വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി ബോർഡ് സ്ഥിരീകരിച്ചു. മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് ഷെഡ്യൂളിൽ മാറ്റം വരുത്താൻ ബോർഡ് തീരുമാനിച്ചത്. വിദ്യാർത്ഥികൾക്കിടയിലുള്ള മാനസിക സമ്മർദ്ദം, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ അസ്ഥിരമായ സാഹചര്യം, പരീക്ഷകൾ സുരക്ഷിതമായും നീതിയുക്തമായും നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവയാണ് പ്രധാന കാരണങ്ങളായി സിബിഎസ്ഇ ചൂണ്ടിക്കാട്ടുന്നത്.
സാഹചര്യങ്ങൾ വീണ്ടും വിലയിരുത്തുന്നതിനായി മാർച്ച് 14 ശനിയാഴ്ച ബോർഡ് യോഗം ചേരും. മാർച്ച് 16 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ ഈ യോഗത്തിന് ശേഷം തീരുമാനമെടുക്കും. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ സമയക്രമം ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ അധികൃതർ വ്യക്തമാക്കി.
aa


