ബഹ്‌റൈനിലുള്ള ഇന്ത്യക്കാർക്ക് മടങ്ങാൻ അവസരമൊരുക്കി ഇന്ത്യൻ എംബസി നിർദേശങ്ങൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: നിലവിലെ പ്രത്യേക സാഹചര്യത്തിൽ സന്ദർശക വിസയിൽ (Visit Visa) ബഹ്‌റൈനിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വിസിറ്റ് വിസയിൽ എത്തിയവർക്ക് സൗദി അറേബ്യ വഴി മടങ്ങുന്നതിനായി ട്രാൻസിറ്റ് വിസ ലഭ്യമാക്കാൻ എംബസി ഇടപെടും.
സൗദി വിസ നേരിട്ട് ഉറപ്പാക്കാൻ എംബസിക്ക് കഴിയില്ലെങ്കിലും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൗദി സർക്കാരുമായി സംസാരിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ബഹ്‌റൈനിലുള്ളവരോ അവരുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വ്യക്തിഗത വിവരങ്ങൾ സഹിതം എംബസിയെ അറിയിക്കണം.
ഇതിനായി wel2.bahrain@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്. എല്ലാ വിശദാംശങ്ങളും കൃത്യമായി ഉൾപ്പെടുത്തി എത്രയും വേഗം ബന്ധപ്പെടണമെന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.
asasas


