സ്വദേശിവത്കരണ ക്വാട്ട പാലിച്ചില്ലെങ്കിൽ കനത്ത പിഴ; സ്വകാര്യ സ്കൂളുകൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ l സ്വകാര്യ സ്‌കൂളുകൾ സ്വദേശിവത്കരണ (നാഷണലൈസേഷൻ) ക്വാട്ട പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഓരോ വിദേശ തൊഴിലാളിയുടെയും വർക്ക് പെർമിറ്റിന് 500 ദിനാർ ഫീസ് ഈടാക്കുമെന്ന് ബഹ്‌റൈൻ സർക്കാർ പ്രഖ്യാപിച്ചു. ദേശീയ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നടപടി. സ്വകാര്യ വിദ്യാഭ്യാസം ഉൾപ്പെടെ രാജ്യത്തെ എല്ലാ മേഖലകളിലും സ്വദേശിവത്കരണ ക്വാട്ട ബാധകമാണ്. ഇതോടൊപ്പം സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നതിന് ആവശ്യമായ പരിശീലന മാർഗങ്ങളും സർട്ടിഫിക്കറ്റുകളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നടക്കുന്നുണ്ട്.

അറബിക്, ഇസ്‍ലാമിക്, സോഷ്യൽ സ്റ്റഡീസ് അധ്യാപക തസ്തികകളിൽ സ്വദേശികളെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കം. ഇങ്ങനെ ഈടാക്കുന്ന വിദേശ തൊഴിലാളികളുടെ ഫീസിന്റെ 80 ശതമാനം തുകയും ദേശീയ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി ലേബർ ഫണ്ട് (തംകീൻ) വഴി കൈമാറ്റം ചെയ്യും. സ്വകാര്യമേഖലയിലെ സ്വദേശി നിയമനങ്ങളെ പിന്തുണക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പാർലമെൻറിന് നൽകിയ മറുപടിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. യോഗ്യരായ ബഹ്‌റൈനി അധ്യാപകരുടെ ലിസ്റ്റ് സ്വകാര്യ സ്‌കൂളുകൾക്ക് നൽകിയിട്ടുണ്ടെന്നും, നിയമനങ്ങളിൽ സ്വദേശികൾക്ക് മുൻഗണന നൽകണമെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

2024-ൽ 600-ൽ അധികം ബഹ്‌റൈനികൾ സ്വകാര്യ സ്കൂളുകളിൽ ജോലിക്ക് പ്രവേശിച്ചതായും അധികൃതർ വ്യക്തമാക്കി. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് ശ്രദ്ധേയമായ വർധനവാണ്.

article-image

jgjg

You might also like

  • Straight Forward

Most Viewed