ബഹ്റൈൻ കിരീടാവകാശി ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്തിലെത്തി

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്തിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. കെയ്‌റോയിലെത്തിയ കിരീടാവകാശിയെ ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ശേഷം ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസിയുമായും മറ്റ് പ്രമുഖ നേതാക്കളുമായും പ്രിൻസ് സൽമാൻ കൂടിക്കാഴ്ച നടത്തി. അറബ് ഐക്യം, പൊതു താൽപര്യങ്ങൾ, മേഖലയുടെ സ്ഥിരത എന്നിവയെ പിന്തുണയ്ക്കുന്നതിൽ ഈജിപ്ത് വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് ബഹ്റൈൻ കിരീടാവകാശി അഭിപ്രായപ്പെട്ടു. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും ഈജിപ്ത് വഹിക്കുന്ന പ്രധാന പങ്ക് നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, സുസ്ഥിര വികസന മന്ത്രിയും ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് സി.ഇ.ഒയുമായ നൂർ അൽ ഖുലൈഫ്, വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, ഈജിപ്തിലെ ബഹ്‌റൈൻ അംബാസഡർ ഫൗസിയ സൈനൽ എന്നിവരും കിരീടാവകാശിയെ അനുഗമിച്ചു.
dddsf