മയക്കുമരുന്ന് ഇറക്കുമതി കേസ്; ഇന്ത്യൻ പ്രവാസിയെ അപ്പീൽ കോടതി വെറുതെവിട്ടു

പ്രദീപ് പുറവങ്കര
മനാമ l വൻതോതിൽ മയക്കുമരുന്ന് ഇറക്കുമതി ചെയ്ത കേസിൽ 15 വർഷം തടവ് ശിക്ഷ ലഭിച്ച ഇന്ത്യൻ പ്രവാസിയെ അപ്പീൽ കോടതി വെറുതെവിട്ടു. കേസിലെ കൂട്ടാളികളെക്കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ നൽകിയതിനാണ് പ്രതിക്ക് കോടതി ശിക്ഷയിൽ ഇളവ് നൽകിയത്.
ഹെറോയിൻ, മെത്താംഫെറ്റാമിൻ, ട്രമഡോൾ എന്നിവ വിൽപന നടത്താനും വ്യക്തിപരമായ ഉപയോഗത്തിനും ഇവ കൈവശം വെച്ചതിനും കഴിഞ്ഞ ജൂണിൽ ഇയാളെ ഹൈ ക്രിമിനൽ കോടതി ശിക്ഷിച്ചിരുന്നു. 15 വർഷം തടവിന് പുറമെ 5,000 ദിനാർ പിഴയും, മയക്കുമരുന്ന് പിടിച്ചെടുക്കാനും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനുമാണ് അന്ന് കോടതി ഉത്തരവിട്ടത്. എന്നാൽ, സുപ്രീം ക്രിമിനൽ അപ്പീൽ കോടതി ഇത് റദ്ദാക്കുകയായിരുന്നു.
അതേസമയം മയക്കുമരുന്ന് ഉപയോഗിച്ചതിന് ഒരു വർഷം തടവ് ശിക്ഷ വിധിക്കുകയും, നാടുകടത്തൽ ശിക്ഷ നിലനിർത്തുകയും ചെയ്തിട്ടുണ്ട്. വിസിറ്റ് വിസയിൽ ബഹ്‌റൈനിലെത്തിയ ഇയാൾ മനാമ സൂഖിലെ ഒരു ടൈലറിംഗ് കടയിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ നിന്ന് പരിചയപ്പെട്ട പാകിസ്ഥാൻ സ്വദേശികളിൽ നിന്നാണ് ഇയാൾ മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചിരുന്നത്. പിന്നീട് ഇവർക്കൊപ്പം ചേർന്ന് വിൽപ്പനയിൽ പങ്കാളിയാവുകയായിരുന്നു.
േ്ോ്