അനധികൃതമായി വിദേശ തൊഴിലാളികളെ താമസിപ്പിക്കുകയും ജോലിക്ക് വെക്കുകയും ചെയ്‌ത കേസിൽ പത്ത് പേർക്ക് തടവും പിഴയും

പ്രദീപ് പുറവങ്കര
മനാമ l അനധികൃതമായി വിദേശ തൊഴിലാളികളെ താമസിപ്പിക്കുകയും ജോലിക്ക് വെക്കുകയും ചെയ്‌ത കേസിൽ രണ്ട് ബഹ്റൈനികളും എട്ട് പ്രവാസികളും ഉൾപ്പെടെ പത്ത് പേർക്ക് തടവും പിഴയും വിധിച്ച് ലോവർ ക്രിമിനൽ കോടതി. പ്രതികൾക്ക് രണ്ട് മുതൽ മൂന്ന് മാസം വരെ തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രവാസി പ്രതികളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. ബഹ്റൈനി ദമ്പതികൾ അഞ്ച് ഏഷ്യൻ വീട്ടുജോലിക്കാരെ മണിക്കൂർ അടിസ്ഥാനത്തിൽ വീട്ടുജോലിക്ക് നിയമവിരുദ്ധമായി താമസിപ്പിച്ചതായി നാഷനാലിറ്റി, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സിൽ നിന്ന് പബ്ലിക്ക് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്.
മറ്റ് മൂന്ന് ഏഷ്യൻ പ്രതികളുടെ സഹായത്തോടെയാണ് ഇത് ചെയ്‌തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് വിചാരണക്കായി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
sdsfs