റോഡ് വികസനം; മുഹറഖിലെ വെള്ളച്ചാട്ടവും ഫാൽക്കൺ പ്രതിമയും നീക്കം ചെയ്തു തുടങ്ങി

മനാമ l ബഹ്റൈൻ വിമാനത്താവള റോഡ് വികസനത്തിന്റെ ഭാഗമായി മുഹറഖിലെ ഖലീഫ അൽ കബീർ അവന്യൂവിന്റെ എതിർദിശയിലുള്ള ഐക്കണുകളായ വെള്ളച്ചാട്ടവും ഫാൽക്കൺ പ്രതിമയും നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. വെള്ളച്ചാട്ടം പൂർണമായും പൊളിച്ചുമാറ്റുന്ന നടപടികളാണ് തുടങ്ങിയത്. ഇവിടെയുള്ള ഫാൽക്കൺ പ്രതിമ സമീപത്തുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റാനാണ് തീരുമാനം.
വിമാനത്താവള റോഡ് വികസന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി പുതിയ മേൽപ്പാലത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 50 വർഷത്തോളം പഴക്കമുള്ള ഈ രണ്ട് സ്മാരകങ്ങളും മാറ്റുന്നത്. പദ്ധതിക്ക് കഴിഞ്ഞ വർഷം ഡിസംബറിലാണ് മുഹറഖ് മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകിയത്.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, പ്രദേശത്തെ കണക്റ്റിവിറ്റി വർധിപ്പിക്കുക, വിമാനത്താവള പ്രവേശനക്ഷമത മെച്ചപ്പെടുത്തുക എന്നിവയാണ് റോഡ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.