ബി.കെ.എസ് ഇൻഡോ- ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ നാലാമത് എഡിഷൻ നാളെ തുടക്കമാകും

ഇൻഡോ- ബഹ്റൈൻ സാംസ്കാരിക പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ബി.കെ.എസ് ഇൻഡോ- ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ നാലാമത് എഡിഷൻ നാളെ തുടക്കമാകും. ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ കൾച്ചറൽ അതോറിറ്റിയുടെയും ഏഷ്യയിലെ ഏറ്റവും വലിയ കലാസാംസ്കാരിക പ്രസ്ഥാനമായ സൂര്യയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിൽ ഇത്തവണയും ഇന്ത്യയിലെയും ബഹ്റൈനിലെയും പ്രമുഖ കലാകാരന്മാരാണ് ഫെസ്റ്റിവലിനായി എത്തിച്ചേരുന്നത്.
ഇൻഡോ- ബഹറൈൻ ഫെസ്റ്റിവൽ ഉദ്ഘാടന ദിവസമായ നാളെ വൈകീട്ട് ഏഴിന് ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, ഡോ. ജോൺ ബ്രിട്ടാസ് എം.പി, ബഹറൈൻ- ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ ജുമാ, ഫൗലത് സി.ഇ.ഒ ദിലീപ് ജോർജ് തുടങ്ങിയവർ മുഖ്യതിഥികളായി പങ്കെടുക്കും. മേയ് രണ്ടിന് ആരംഭിക്കുന്ന ഫെസ്റ്റിവലിൽ കർണാട്ടിക്ക് വോക്കൽ സംഗീതത്തിൽ പ്രമുഖനായ സന്ദീപ് നാരായൺ, രണ്ടാം ദിവസമായ മേയ് മൂന്നാം തീയതി പ്രശസ്ത മണ്ഡോലിൻ കലാകാരൻ യു.രാജേഷ് എന്നിവർ കലാപരിപാടികൾ അവതരിപ്പിക്കും.
ഇന്ത്യയിലെ പ്രമുഖ നർത്തകിമാരായ മേതിൽ ദേവിക, ആശ ശരത്, ഉത്തര ശരത്, ബഹ്റൈനിലെ യുവ ഗായകനും മ്യൂസിഷ്യനുമായ മുഹമ്മദ് അസീരി, മലയാളത്തിലെ പ്രശസ്ത സിനിമ പിന്നണി ഗായികയും ഗായത്രി വീണാവാദകയുമായ വൈക്കം വിജയലക്ഷ്മി, കർണാട്ടിക് വോക്കൽ മ്യൂസിക് രംഗത്തെ പ്രഗത്ഭനായ കുന്നകുടി എം. ബാലമുരളീകൃഷ്ണ തുടങ്ങിയവരാണ് വിവിധ ദിവസങ്ങളിലായി പങ്കെടുക്കുന്നത്. പ്രമുഖ കലാകാരനും സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തിയാണ് ഫെസ്റ്റിവൽ ഡയറക്ടർ. ഏവരെയും ബഹ്റൈൻ കേരളീയ സമാജം ഡി.ജെ. ഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഫെസ്റ്റിവൽ കോഓഡിനേറ്റർ പ്രശാന്ത് ഗോവിന്ദപുരം എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
സംഗീത വിരുന്നുമായി നാളെ സന്ദീപ് നാരായൺരാഗങ്ങളുടെയും താളങ്ങളുടെയും വൈവിധ്യമായ കർണാടക സംഗീത രംഗത്തെ ശ്രദ്ധേയനായ യുവ ഗായകരിൽ ഒരാളാണ് സന്ദീപ് നാരായൺ. നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹം ചെന്നൈയിലെ ഓൾ ഇന്ത്യ റേഡിയോയുടെ എ ഗ്രേഡ് ആർട്ടിസ്റ്റു കൂടിയാണ്. ചെറുപ്പത്തിൽതന്നെ സംഗീത സാഗരത്തിലേക്ക് ചുവടുവെച്ചു തുടങ്ങിയ കലാ ലോകമാണ് അദ്ദേഹത്തിന്‍റേത്. ആദ്യപാഠം അമ്മ ശുഭ നാരായണനിൽനിന്നും പിന്നീട് പ്രമുഖ സംഗീതജ്ഞൻ കെ.എസ്. കൃഷ്ണമൂർത്തിയുടെ കീഴിലും കർണാടക സംഗീതം പഠിച്ചു. കൃഷ്ണമൂർത്തിയുടെ മരണശേഷം, സംഗീത കലാനിധി സഞ്ജയ് സുബ്രഹ്മണ്യത്തിൽ നിന്നാണ് ബാക്കി പാഠങ്ങൾ കരസ്ഥമാക്കിയത്.
കർണാടക സംഗീതത്തെ ലോകമെമ്പാടുമുള്ള ശ്രോതാക്കളിലേക്ക് എത്തിക്കുന്നതിൽ സന്ദീപ് നാരായൺ വഹിക്കുന്ന പങ്ക് വലുതാണ്. ഇതിനോടകം നിരവധി രാജ്യങ്ങളിൽ അദ്ദേഹം കച്ചേരികൾ നടത്തിയിട്ടുണ്ട്. ബഹ്റൈനിലെ പ്രവാസികളെ വിസ്മയിപ്പിക്കാൻ അദ്ദേഹം കേരളീയ സമാജത്തിലെത്തുകയാണ്. നാളെ വൈകീട്ട് ഏഴു മുതലാണ് പരിപാടി. സംഗീതാസ്വാദകരായ എല്ലാവരെയും ആ സാഗരത്തിൽ ലയിക്കാൻ സ്വാഗതം ചെയ്യുന്നു.
േോ്ിേ