റമദാനിൽ മക്കക്കും മദീനക്കും ഇടയിലുള്ള ട്രെയിൻ സർവീസുകളുടെ എണ്ണം പ്രതിദിനം 100 ആയി ഉയർത്തും


ഈ വർഷം റമദാൻ സീസണിൽ മക്കക്കും മദീനക്കും ഇടയിലുള്ള ട്രെയിൻ സർവീസുകളുടെ എണ്ണം പ്രതിദിനം 100 ആയി ഉയർത്താൻ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ തീരുമാനിച്ചു. ജിദ്ദ, മദീന അന്തർദേശീയ വിമാനത്താവളങ്ങൾ വഴി തീർഥാടകരുടെയും സന്ദർശകരുടെയും രാജ്യത്തേക്കുള്ള വൻ വരവ് കണക്കിലെടുത്താണ് റയിൽവേ അധികൃതരുടെ തീരുമാനം. വർഷത്തിൽ ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ എത്തുന്ന മാസമാണ് റമദാൻ. ഉംറ തീർഥാടകരെ കൂടാതെ പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലുമെത്തുന്ന സന്ദർശകർ, ജിദ്ദ നഗരത്തിലെയും കിങ് അബ്ദുല്ല സാമ്പത്തിക നഗരമായ റാബിഗിലെയും സന്ദർശകർ വലിയ തോതിൽ ഹറമൈൻ അതിവേഗ ട്രെയിനിനെ ആശ്രയിക്കുന്നതിനാൽ വൻ തിരക്കാണ് ഇപ്പോൾ തന്നെ അനുഭവപ്പെടുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.   

ജിദ്ദ, മക്ക, റാബിഗ്, മദീന എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ 95 ശതമാനം കൃത്യത പാലിച്ചുകൊണ്ട് സർവീസ് നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 2018 സെപ്തംബറിൽ ആരംഭിച്ച ഹറമൈൻ ഇതുവരെ 25,000−ൽ പരം ട്രിപ്പുകളാണ് നടത്തിയത്.  നിലവിൽ മക്കയ്ക്കും ജിദ്ദ സുലൈമാനിയക്കുമിടയിൽ ഇരു ദിശകളിലുമായി 58ഉം സുലൈമാനിയ സ്റ്റേഷനും കിങ് അബ്ദുൽ അസീസ് അന്തർദേശീയ വിമാനത്താവളത്തിനുമിടയിൽ 26 ട്രിപ്പുകളും നിത്യേന നടത്തുന്നുണ്ട്. തിരക്കുള്ള സമയങ്ങളിൽ മക്കക്കും മദീനക്കുമിടയിൽ മണിക്കൂറിൽ രണ്ട് ട്രിപ്പുകളാണുള്ളത്. തിരക്കേറിയ സമയങ്ങളിൽ ജിദ്ദ വിമാനത്താവള സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിൽ ഓരോ മണിക്കൂറിലും ഒരു യാത്ര നടത്തുന്നുണ്ടെന്നും ഹറമൈൻ അധികൃതർ വ്യക്തമാക്കി.

article-image

serydry

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed