മനുഷ്യന് വേണ്ട 7 തരം വിശ്രമം


‘എത്ര ഉറങ്ങിയാലും ക്ഷീണം മാറുന്നില്ല’..പലരും പലപ്പോഴും പറഞ്ഞ് കേൾക്കുന്ന വാചകമാണ് ഇത്. പലപ്പോഴും ഒന്ന് ഉറങ്ങിയെഴുനേറ്റാൽ ക്ഷീണം മാറുമെന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ. എന്നാൽ ഉറക്കവും വിശ്രമവും ഒന്നല്ല, രണ്ടും രണ്ടാണ് എന്നതാണ് യാഥാർത്ഥ്യം. എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല എന്ന പരാതി നിങ്ങൾക്കുണ്ടോ ? എങ്കിൽ നിങ്ങൾക്ക് ശരിയായ വിശ്രമം ലഭിക്കുന്നില്ല എന്നാണ് അർത്ഥം.

ഏഴ് തരം വിശ്രമമാണ് ഉള്ളത്. ഈ ഏഴ് തരം വിശ്രമവും മനുഷ്യന് അനിവാര്യമാണ്.

*ശരീരത്തിന് വിശ്രമം

ശരീരത്തിന് നാം കൊടുക്കുന്ന വിശ്രമമാണ് ഈ വിഭാഗത്തിൽ വരുന്നത്. ഉറക്കം, യോഗ, മസാജ് എന്നി ഈ ഗണത്തിൽ ഉൾപ്പെടുന്നു.

*മനസിന് വിശ്രമം

മനസിനും വേണം വിശ്രമം. പലപ്പോഴും ജീവിതത്തിലെ പല ഉത്കണ്ഠകളുമായാണ് നാം ഉറങ്ങാൻ കിടക്കുന്നത്. അതുകൊണ്ട് തന്നെ ഉറങ്ങിയെഴുനേൽക്കുന്നതും കലുഷിതമായ മനസോടെയാകും. മനസിന് വിശ്രമം കിട്ടാൻ ജോലി രാജി വയ്ക്കുകയോ , യാത്ര പോവുകയോ തന്നെ ചെയ്യണമെന്നില്ല. കിടക്കാൻ പോകുന്നതിന് മുൻപ് നമ്മെ അലട്ടുന്ന പ്രശ്‌നങ്ങൾ ഒരു പേപ്പറിൽ എഴുതി വച്ച് നോക്കൂ. അൽപം ആശ്വാസം ലഭിക്കും. ജോലി സമയത്തിനിടെ ഓരോ രണ്ട് മണിക്കൂറിലും അൽപ നേരം ചെറിയ ബ്രേക്കുകൾ എടുക്കുന്നതും മനസിന് വിശ്രമം നൽകും.

*സെൻസറി റെസ്റ്റ്

കടുത്ത പ്രകാശം, കമ്പ്യൂട്ടർ സക്രീനുകൾ, നമുക്ക് ചുറ്റുമുള്ള ശബ്ദവും ബഹളവും, സംഭാഷണങ്ങൾ എന്നിവ നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ പിരിമുറക്കത്തിലേക്ക് തള്ളി വിടുന്നു. ദിവസത്തിലെപ്പോഴെങ്കിലും അഞ്ച് മിനിറ്റ് കണ്ണുകൾ അടച്ച് വിശ്രമിക്കുന്നതും, മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് പോലുള്ള ഉപകരണങ്ങളിൽ നിന്ന് അൽപ നേരം ബ്രേക്ക് എടുക്കുന്നതും ഈ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.

*ക്രിയാത്മകമായ വിശ്രമം

സ്ഥിരമായി പുതിയ ആശയങ്ങൾ കണ്ടെത്തുന്ന തരം ബ്രെയിൻസ്റ്റോമിംഗ് ജോലിയാണോ നിങ്ങളുടേത് ? എങ്കിൽ നിങ്ങൾക്ക് ക്രിയാത്മകമായ വിശ്രമം കൂടിയേ തീരൂ. ഒരു വെള്ളച്ചാട്ടം കാണുന്നതോ, നീല സമുദ്രം കൺകുളിർക്കെ കാണുന്നതോ, പച്ചപുതച്ച കാട് കാണുന്നതോ എല്ലാം നിങ്ങൾക്ക് ക്രിയാത്മക വിശ്രമം നൽകും. ഇതൊന്നും സാധിച്ചില്ലെങ്കിൽ വീടിനടുത്തുള്ള പാർക്കിൽ പോയി അൽപ നേരം ഇരിക്കുന്നതോ, വീടിന് പിന്നിലെ പറമ്പിൽ നടക്കുന്നതോ ഗുണം ചെയ്യും. പ്രകൃതി ഭംഗി ആസ്വദിക്കുന്നത് മാത്രമല്ല ക്രിയാത്മക വിശ്രമം. നിങ്ങൾക്ക് ഇഷ്ടമുള്ള കലകളിൽ ഏർപ്പെടുന്നതും വിശ്രമമാണ്.

*ഇമോഷ്ണൽ റെസ്റ്റ്

എപ്പോഴും ആരുടേയും ഏത് ആവശ്യത്തിനും ഓടിയെത്തുന്നവരാണോ നിങ്ങൾ ? ആരെന്ത് സഹായം ചോദിച്ചാലും രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്ത് കൊടുക്കാൻ സദാ സന്നദ്ധനായിരിക്കുന്ന വ്യക്തിയാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾക്ക് വേണം ഇമോഷ്ണൽ റെസ്റ്റ്.മനസിലുള്ള പിരിമുറുക്കങ്ങൾ, വിഷമങ്ങൾ എന്നിവ ഉറ്റവരുമായി പങ്കുവയ്ക്കുന്നതാണ് ഇമോഷ്ണൽ റെസ്റ്റ്.

*സോഷ്യൽ റെസ്റ്റ്

നമ്മെ പിരിമുറുക്കത്തിലേക്ക് നയിക്കുന്ന തരം ബന്ധങ്ങളുണ്ട്. ഇവയിൽ നിന്ന് അകന്ന് നമ്മെ സ്‌നേഹിക്കുകയും, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മെ ചേർത്ത് നിർത്തുകയും ചെയ്യുന്ന കുടുംബാംഗങ്ങൾ, പങ്കാളികൾ, സുഹൃത്തുക്കൾ എന്നിവർക്കും സമയം ചെലവിടുന്നതാണ് സോഷ്യൽ റെസ്റ്റ്

*ആത്മീയമായ വിശ്രമം

ഏറ്റവും അവസാനത്തേതാണ് ഇത്. പ്രാർത്ഥന, മെഡിറ്റേഷൻ, എന്നിവ ഈ വിശ്രമം മനുഷ്യന് നൽകും. ഉറക്കം മാത്രം നമ്മുടെ മനസിന്റേയും ശരീരത്തിന്റേയും പിരിമുറുക്കൾക്ക് പരിഹാരമാകില്ലെന്ന് ഇപ്പോൾ മനസിലായില്ലേ. ശരിയായ വിശ്രമമെടുക്കേണ്ടത് അനിവാര്യമാണ്.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed