ഹൃദയരോഗങ്ങൾ: പ്രതിരോധവും ചികിത്സയും


ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവ ഉൾപ്പെടെയുള്ള ഹൃദയസംബന്ധമായ രോഗങ്ങൾ ഇന്ന് ലോകമെമ്പാടുമുള്ള മരണകാരണങ്ങളിൽ ഒന്നാം സ്ഥാനത്താണ്. ഇതിന് പല കാരണങ്ങളുണ്ട്. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ജീവിത സാഹചര്യങ്ങൾ വർധിച്ചു വരുന്നു. ഉദാഹരണത്തിന്, നമ്മുടെ കേരളം ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ പ്രമേഹത്തിന്‍റെ ആസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു. ഹൃദയരോഗങ്ങൾ ഒരു ജീവിതശൈലീ രോഗമാണ്. ഒപ്പം പാരമ്പര്യത്തിനും ഇതിൽ ഒരു പങ്കുണ്ട്. പണ്ട് പ്രായമായവരിലാണ് ഈ രോഗം കൂടുതലായി കണ്ടിരുന്നത് എങ്കിൽ, ഇന്ന് ഒരു ദശാബ്ദമോ രണ്ട് ദശാബ്ദമോ മുൻപേ തന്നെ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങുന്നു. ഇതിന് പ്രധാന കാരണം നമ്മുടെ മാറിയ ജീവിതരീതിയാണ്.

പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, വ്യായാമമില്ലായ്മ, പുറത്ത് നിന്നുള്ള ഭക്ഷണം, സംസ്കരിച്ച ഭക്ഷണം, മാനസിക സമ്മർദം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയെല്ലാം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. പ്രമേഹം, അമിത രക്തസമ്മർദ്ദം, അമിതവണ്ണം, വൃക്കരോഗങ്ങൾ, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളുടെ വർധനവ് ഹൃദ്രോഗികളുടെ എണ്ണം കൂടാൻ കാരണമാകും. 'ഡോണ്ട് മിസ് എ ബീറ്റ്' എന്നാണ് ഈ വർഷത്തെ ലോക ഹൃദയദിന സന്ദേശം. ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് ഈ സന്ദേശം. വ്യക്തിപരവും സാമൂഹികവുമായ തലങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടത്  നമുക്കോരോരുത്തർക്കും അത്യാവശ്യമാണ്.

article-image

സാധാരണയായി കണ്ടുവരുന്ന ഹൃദയരോഗങ്ങൾ

* അമിത രക്തസമ്മർദ്ദം മൂലമുള്ള ഹൃദയരോഗം : രക്തസമ്മർദ്ദം നിയന്ത്രിക്കാതെയുള്ള അവസ്ഥയിൽ ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളാണിത്.
* അക്യൂട്ട്, ക്രോണിക് കൊറോണറി സിൻഡ്രോംസ്: നെഞ്ചുവേദന (ആൻജീന), ഹൃദയാഘാതം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
* ഹൃദയപേശിയുടെ ബലകുറവ് : ഹൃദയത്തിന് ശരീരത്തിന്റെ  ആവശ്യങ്ങൾക്കനുസരിച്ച് രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുന്ന അവസ്ഥ.
* ഹൃദയമിടിപ്പിലെ താളപ്പിഴകൾ : ഹൃദയമിടിപ്പ് ക്രമം തെറ്റുന്ന അവസ്ഥ, ഉദാഹരണത്തിന്, ഏട്രിയൽ ഫിബ്രിലേഷൻ.
* ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങൾ: ഹൃദയത്തിലെ ദ്വാരങ്ങൾ (ASD, VSD), PDA, TOF തുടങ്ങിയവ.
* ഹൃദയത്തിന്‍റെ പേശികളെ ബാധിക്കുന്ന രോഗങ്ങൾ.

article-image

സ്വയം ശ്രദ്ധിക്കാം

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ഏറ്റവും അനുയോജ്യമായ മാർഗം. സംസ്കരിച്ച ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികൾ ഉൽപ്പെടുത്തുക. ഉപ്പിന്‍റെയും പഞ്ചസാരയുടെയും ഉപയോഗം കുറയ്ക്കുക. ടിന്നിലടച്ചതും പാക്കറ്റിലുള്ളതുമായ ഭക്ഷണങ്ങളും ഒഴിവാക്കുക. പുകവലി, മയക്കുമരുന്ന്, ഇ-സിഗരറ്റ്, മദ്യം എന്നിവ പൂർണ്ണമായും ഉപേക്ഷിക്കുക. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. ആഴ്ചയിൽ മൊത്തം 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് നല്ലതാണ്. എപ്പോഴും ചലനാത്മകമായിരിക്കാൻ ശ്രമിക്കുക. ജോലിയിൽ നിന്നും ജീവിതത്തിൽ നിന്നും ഇടവേള എടുത്ത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വിനോദങ്ങൾക്കും വ്യക്തിപരമായ കാര്യങ്ങൾക്കും സമയം കണ്ടെത്തുക. ദിവസവും കുറഞ്ഞത് 6 മണിക്കൂറെങ്കിലും ഉറങ്ങുക.


ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളെക്കുറിച്ചും സി.പി.ആർ പോലുള്ള പ്രഥമശുശ്രൂശയുടെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങൾക്ക് അവബോധം നൽകുക. വിവിധ മാധ്യമങ്ങൾ വഴി ഹൃദയാരോഗ്യത്തിന്‍റെ സന്ദേശം സമൂഹത്തിൽ എത്തിക്കാൻ ശ്രമിക്കുക. അതുവഴി ജനങ്ങളെ ബോധവൽക്കരിക്കുക. ഹൃദ്രോഗമുള്ളവർ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുകയും ഡോക്ടറെ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കുകയും ചെയ്യുക. ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഒരു കാർഡിയോളജിസ്റ്റിനെ ഉടൻ തന്നെ സമീപിക്കുക. നിങ്ങളുടെ ഹൃദയമിടിപ്പ് നിലയ്ക്കാതെ കാത്തുസൂക്ഷിക്കുക.

തയ്യാറാക്കിയത്: 

ഡോ ജൂലിയൻ ജോണി തോട്ട്യാൻ
കൺസൾട്ടന്‍റ്- കാർഡിയോളജി
കിംസ്ഹെൽത്ത് ഹോസ്പിറ്റൽ ഉമ്മുൽഹസം

 

article-image

aa

You might also like

Most Viewed