കോവിഡ്: യുഎഇയിൽ വൈദികൻ മരിച്ചു

ഷാർജ: ചികിത്സയിലായിരുന്ന വൈദികൻ കോവിഡ്–19 ബാധിച്ച് മരിച്ചു. അറബിക്–ഫ്രഞ്ച് സംസാരിക്കുന്ന കത്തോലിക്കക്കാരുടെ പ്രതിനിധിയായ വൈദികൻ ഷാർജ സെന്റ് മൈക്കിൾസ് പള്ളി അസി. വികാരി ഫാ.യൂസഫ് സമി യൂസഫാ(62)ണ് അജ്മാൻ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ മരിച്ചതെന്ന് അപോസ്തലിക് വികാരിയേറ്റ് ഓഫ് സൗതേൺ അറേബ്യ തങ്ങളുടെ വെബ് സൈറ്റിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ പറഞ്ഞു.
ലബനൻ സ്വദേശിയായ ഫാ.യൂസഫ് സമിയെ വിവിധ രോഗങ്ങൾ വലച്ചിരുന്നു. ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ചതാണ് മരണകാരണം. കഴിഞ്ഞ മൂന്നാഴ്ച മുൻപാണ് അജ്മാൻ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചത്. ദുബായ് സെന്റ് മേരീസ് കാത്തലിക് ചർച്ചിൽ 1993 മുതൽ 1995 വരെ അറബിക്, ഫ്രഞ്ച് സംസാരിക്കുന്ന വിശ്വാസി സമൂഹത്തിന്റെ വൈദികനായിയിരുന്നു.
2016ൽ ഷാർജ സെന്റ് മൈക്കിൾസ് ചർച്ചിലെത്തുന്നതിന് മുൻപ് ഔവർ ലേഡി ഓഫ് റോസരി ചർച്ച്, ദോഹ(2004-2008), സേക്രഡ് ഹാർട് ചർച്ച്, മനാമ(2008-2011), സെന്റ് ജോസഫ്സ് കത്തീഡ്രൽ അബുദാബി (2011-2015), ഹഗോളി സ്പിരിറ്റ് ചർച്ച്, ഗാല, സെന്റ്. മേരീസ് ചർച്ച് അൽ ഐൻ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന് വിശ്വാസി സമൂഹം അനുശോചനം രേഖപ്പെടുത്തി.