വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ ശിക്ഷാവിധി ശനിയാഴ്ചത്തേക്ക് മാറ്റി; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
ഷീബ വിജയൻ
കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിനുള്ള ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി. കേസിൽ ശിക്ഷയിന്മേലുള്ള വാദം പൂർത്തിയായി. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. ഇതൊരു അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
താൻ ചെയ്തത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും കുറ്റകൃത്യം മനഃപൂർവമല്ലെന്നും പ്രതി സന്ദീപ് കോടതിയിൽ പറഞ്ഞു. പ്രായമായ അമ്മയെ നോക്കാൻ ആരുമില്ലെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും സന്ദീപ് കോടതിയോട് അപേക്ഷിച്ചു. പ്രതിയുടെ പ്രായവും കുടുംബ സാഹചര്യവും പരിഗണിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകനും വാദിച്ചു. എന്നാൽ, പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്ന വാദം കോടതി നേരത്തെ തള്ളിയിരുന്നു.
2023 മേയ് 10-ന് പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെയാണ് വന്ദന ദാസ് ക്രൂരമായി കൊല്ലപ്പെട്ടത്. ചികിത്സയ്ക്കായി പോലീസ് എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് ആശുപത്രിയിലെ സർജിക്കൽ കത്തി ഉപയോഗിച്ച് വന്ദനയെ കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ പോലീസുകാർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.
ശിക്ഷാവിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കൾ കോടതിയിലെത്തിയിരുന്നു. വാദത്തിനിടെ പ്രതിയും ബന്ധുക്കളും വന്ദനയുടെ മാതാവും വികാരാധീനരായി പൊട്ടിക്കരഞ്ഞത് കോടതിയിൽ നൊമ്പരക്കാഴ്ചയായി. 70-ഓളം സാക്ഷികളെ വിസ്തരിക്കുകയും നൂറുകണക്കിന് രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
ddfsfddf



