സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്നത് വെറും അഭ്യൂഹം; സ്ഥാനാർത്ഥി പട്ടികയിൽ മാറ്റമുണ്ടാകില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
ഷീബ വിജയൻ
കണ്ണൂർ: കെ. സുധാകരൻ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (CEC) ഒരിക്കൽ അന്തിമമാക്കിയ പട്ടികയിൽ ഇനി മാറ്റം വരുമെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുധാകരന്റെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.
കേന്ദ്ര സമിതി പാസാക്കിയ ഒരു പട്ടികയിൽ മാറ്റം വരുത്തണമെങ്കിൽ സങ്കീർണ്ണമായ നടപടിക്രമങ്ങൾ ആവശ്യമാണെന്ന് ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. "വളരെയധികം പാരമ്പര്യമുള്ള ഒരു പാർട്ടി എന്ന നിലയിൽ അത്തരമൊരു സാധ്യത ഞാൻ കാണുന്നില്ല. രാഷ്ട്രീയം സാധ്യതകളുടെ കലയായതുകൊണ്ട് എന്തും സംഭവിക്കാം, എങ്കിലും നിലവിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. ചാനലുകളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്," അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച പട്ടിക ഇതുവരെ ആരും കണ്ടിട്ടില്ലെന്നും അതിൽ പുനർചിന്തനം നടത്തണമെങ്കിൽ സമിതിയുടെ തന്നെ പ്രത്യേക അനുമതി വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി ഹൈക്കമാൻഡും പ്രസിഡന്റുമാണെന്നും, ആധികാരികമായി കൂടുതൽ കാര്യങ്ങൾ പറയാൻ താൻ ആളല്ലെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. കണ്ണൂരിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് ഉണ്ണിത്താന്റെ ഈ പ്രസ്താവന പുറത്തുവരുന്നത്
tgrdfererw



