വേനല്‍ : തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി
അബുദാബി: കടുത്ത വേനലിൽ ഏർപ്പെടുത്തുന്ന ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കമ്പനി ഉടമകൾക്കെതിരെ കടുത്ത നടപടിയെന്ന് അബുദാബി നഗരസഭ. സൂര്യാഘാതം, നിർജലീകരണം തുടങ്ങി ചൂടു കാലത്ത് അനുഭപ്പെടുന്ന രോഗങ്ങളിൽനിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് നഗരസഭയുടെ പരിസ്ഥിതി പൊതു ആരോഗ്യവിഭാഗം ഡയറക്ടർ ഡോ. ഹുദ അൽ സലാമി പറഞ്ഞു.കടുത്ത ചൂട് അനുഭവപ്പെടുന്ന സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ 3 വരെയാണ് യുഎഇയിൽ ഉച്ചവിശ്രമ സമയം.
ഇതനുസരിച്ച് ജോലി സമയം രാവിലെയും വൈകിട്ടുമായി 2 ഷിഫ്റ്റ് ആക്കിയോ പുലർച്ചെ ആരംഭിച്ച് നേരത്തെ അവസാനിക്കുന്ന രീതിയിലൊ രാത്രി മാത്രമായോ തൊഴിൽ മന്ത്രാലയത്തിന്റെ അനുമതിയോടെ പുനഃക്രമീകരിക്കണം. മധ്യാഹ്ന ഇടവേളകളിൽ തൊഴിലാളികളെ പ്രത്യേകം ശീതികരിച്ച സ്ഥലത്തേക്ക് കൊണ്ടുപോകുന്ന തൊഴിലാളികളെ വാഹനത്തിനായി കൂടുതൽ സമയം വെയിലത്തു നിർത്തരുതെന്നും നിർദേശിച്ചു. ചൂടു കാലത്തെ സുരക്ഷാ മുൻകരുതലുകളുടെ പ്രാധാന്യത്തെക്കുറിച്ചു തൊഴിലാളികളെ ബോധവൽകരിക്കുന്ന ക്യാംപെയിനും നഗരസഭ തുടക്കമിട്ടു. ജോലി സ്ഥലത്ത് തളർന്നുവീഴുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നത് എങ്ങനെയെന്നും തൊഴിലാളികളെ പരിശീലിപ്പിച്ചു.

