കാലാവസ്ഥാ വ്യതിയാനം ; ബോധവല്‍ക്കരണവുമായി യുഎഇ പോലീസ്
യുഎഇ : കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വേനല്‍ രൂക്ഷമാവുകയും കുട്ടികള്‍ അപകടത്തില്‍പ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കണമെന്ന സന്ദേശം ഉയര്‍ത്തി യു.എ.ഇയിലെ പൊലീസ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ക്യാംപെയിന്‍ ആരംഭിച്ചു. കാര്‍, സ്കൂള്‍, ബസ്, എലവേറ്റര്‍, മട്ടുപ്പാവ്, നീന്തല്‍കുളം തുടങ്ങിയ ഇടങ്ങളിലെല്ലാം കുട്ടികളെ കാത്ത് അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.
അപകടങ്ങളില്‍ പെടാതെ കുട്ടികളുടെ സുരക്ഷക്ക് രക്ഷിതാക്കളും അധ്യാപകരും ബസ് ജീവനക്കാരും മതിയായ സംരക്ഷണം കുട്ടികള്‍ക്ക് ഉറപ്പ് വരുത്തണമെന്നും ആഹ്വാനം ചെയ്താണ് വിവിധ വകുപ്പുകള്‍ കൈകോര്‍ത്തിരിക്കുന്നത്. അബൂദബി, ദുബൈ പൊലീസും കുട്ടികള്‍ക്ക് സുരക്ഷാകവചം ഒരുക്കേണ്ടതിന്റെ പ്രാധാന്യം ഉണര്‍ത്തി രംഗത്തുണ്ട്. കുട്ടികള്‍ വാഹനം തുറന്ന് ഡിക്കില്‍ കയറി കളിക്കുന്നതും അതുവഴി വന്നേക്കാവുന്ന വന്‍ദുരന്തവുമാണ് അബൂദബി പൊലീസ് വീഡിയോ ചിത്രീകരണം സഹിതം ബോധവത്കരണത്തിന് ഉപയോഗിക്കുന്നത്. കുട്ടികളെ മുഴുവന്‍ സമയവും ആയമാരോടൊപ്പം ചെലവഴിക്കാന്‍ വിടരുതെന്നും കുട്ടികളുടെ സാംസ്കാരികമായ വളര്‍ച്ചക്ക് കരുത്ത് പകരാന്‍ രക്ഷിതാക്കളുടെ സാമിപ്യം അനിവാര്യമാണെന്നും പൊലീസ് നിര്‍ദേശിക്കുകയും ചെയ്തുകഴിയ്ഞ്ഞു.
യുഎഇയില്‍ ഇത്തരത്തില്‍ പ്രതിവര്‍ഷം വാഹനങ്ങളില്‍ അകപ്പെട്ട നൂറിലധികം കുട്ടികളെ രക്ഷപ്പെടുത്താറുണ്ടെന്നും കൊടിയ അശ്രദ്ധ ഈ രംഗത്തുണ്ട് എന്നതിന്റെ തെളിവാണിതെന്നും ദുബൈ പൊലീസ് വീഡിയോ സഹിതമുള്ള ബോധവത്കരണത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. കൊടും ചൂടില്‍ കാറിനകത്ത് അനുഭവപ്പെടുന്ന മര്‍ദ്ദവും വായുവില്‍ കലരുന്ന വിഷമാലിന്യങ്ങളും കുട്ടികളെ അപകടത്തില്‍പ്പെടുത്തുന്ന ഘടകങ്ങളാണ്. കഴിഞ്ഞ ദിവസം ആറുവയസുള്ള മലയാളി ബാലന്‍ സ്കൂള്‍ ബസില്‍ അകപ്പെട്ട് ദാരുണമായി മരിച്ച സംഭവം മുന്‍നിറുത്തിയാണ് അധികൃതര്‍ വീണ്ടും മുന്നറിയിപ്പുകള്‍ ശക്തമാക്കിയത്. കുട്ടികളെ എക്സലേറ്റര്‍, നീന്തല്‍കുളം, മട്ടുപ്പാവ്, നിരത്തുകള്‍ എന്നിവിടങ്ങളിലേക്ക് ഒരുകാരണവശാലും ഒറ്റക്ക് പോകാന്‍ അനുവദിക്കരുതെന്നും അധികൃതര്‍ താക്കീത് നല്‍കുന്നു. കുട്ടികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പോലീസ് മുന്നറിയിപ്പുമായെത്തിയത്.

