47 സർക്കാർ സേവനങ്ങൾ ഇനി ഒറ്റക്ലിക്കിൽ
അബുദാബി: അബുദാബിയിൽ 47 സർക്കാർ സേവനങ്ങൾ ഇനി ഒറ്റക്ലിക്കിൽ ലഭിക്കും. 12 സർക്കാർ വകുപ്പുകളാണ് ‘താം സെന്റർ’ ഓൺലൈൻ സേവനത്തിലൂടെ എളുപ്പത്തിൽ ആളുകളിലേക്കെത്തുക. സ്വദേശികൾക്കും വിദേശികൾക്കും ഏറെ പ്രയോജനകരമായ രീതിയിലാണ് സേവനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അബുദാബി സാമൂഹികവികസന വകുപ്പ് അബുദാബി ഡിജിറ്റൽ അതോറിറ്റിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർസേവനങ്ങൾ കാര്യാലയങ്ങളിൽ നേരിട്ടെത്താതെ മൊബൈലിൽ ഒറ്റ ക്ലിക്കിൽ www.tamm.abudhabi എന്ന വെബിലാണ് ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു. സേവനങ്ങൾ വ്യത്യസ്ത വിഭാഗങ്ങളാക്കി തരംതിരിച്ചാണ് ലഭ്യമാക്കിയിട്ടുള്ളത്. ഭവനം, വിദ്യാഭ്യാസം, കുടുംബം, ആരോഗ്യം, സാമ്പത്തികം, സാമൂഹികം, നിശ്ചയദാർഢ്യക്കാർക്കായുള്ളത് എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും അവരവരുടെ യോഗ്യതകൾക്കനുസരിച്ച് സേവനം ആവശ്യപ്പെടാം.
വിദേശികൾക്ക് പ്രധാനമായും നിശ്ചയദാർഢ്യമുള്ളവരുടെ ആരോഗ്യ ഇൻഷുറൻസ്, തിരിച്ചറിയൽ കാർഡ്, കുടുംബ കൗൺസലിങ്, ആരോഗ്യപരമായ സേവനങ്ങൾ എന്നിവയ്ക്കെല്ലാം സംവിധാനം പ്രയോജനപ്പെടുത്താം. വിവിധ സേവനങ്ങൾ ഏകീകരിച്ച് ഇത്തരമൊരു സംവിധാനമാക്കുന്നതോടെ മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യക്കാർക്കും വലിയ സഹായമാവുമെന്ന് സാമൂഹിക വികസനവകുപ്പ് ചെയർമാനും എക്സിക്യുട്ടീവ് കൗൺസിൽ അംഗവുമായ ഡോ. മുഗീർ ഖാമിസ് അൽ ഖൈലി പറഞ്ഞു.

