വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; മൂന്നാം ദിവസവും നിയന്ത്രണമില്ലാതെ കേരളം


ഷീബ വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിന്നിരുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. മധ്യപ്രദേശിൽ നിന്ന് നേരത്തെ ലഭ്യമായ 200 മെഗാവാട്ടിന് പുറമെ 300 മെഗാവാട്ട് വൈദ്യുതി കൂടി പുതുതായി ലഭിച്ചതോടെ തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിംഗോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തേണ്ടി വന്നില്ല. ആന്ധ്രാപ്രദേശിൽ നിന്നും 150 മുതൽ 300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കാൻ സാധിച്ചിരുന്നു.

കൂടുതൽ വൈദ്യുതിക്കായി പുതിയ കരാറുകളിൽ ഒപ്പിടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വരുന്ന ഒക്ടോബർ മാസം മുതൽ സംസ്ഥാനത്ത് വൈദ്യുതിക്ഷാമം തീരെ ഉണ്ടാകില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു. സെപ്റ്റംബർ മാസത്തിൽ പ്രതിദിന ഉപഭോഗം 95.39 ദശലക്ഷം യൂണിറ്റും, പീക്ക് സമയത്തെ ആവശ്യകത 5400 മെഗാവാട്ടുമായിരുന്നു.

മൺസൂൺ കാലത്ത് പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തത് ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനത്തെ സാരമായി ബാധിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉയർന്ന വില നൽകിയാലും വൈദ്യുതി വാങ്ങാൻ കിട്ടാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എന്നാൽ സ്വാപ്പ് (Swap) വ്യവസ്ഥയിലും റിയൽ ടൈം മാർക്കറ്റുകളിൽ നിന്നും കൃത്യസമയത്ത് വൈദ്യുതി എത്തിക്കാൻ സാധിച്ചതാണ് നിലവിലെ ഘട്ടത്തിൽ തുണയായത്.

അതേസമയം, വൈദ്യുതി ഉപഭോഗത്തിൽ ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്ന രാത്രി 7 മണി മുതൽ 12 മണിവരെയുള്ള പീക്ക് സമയങ്ങളിൽ ഉപഭോഗം പരമാവധി കുറയ്ക്കണം. പകരം, കൂടുതൽ പവർ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനവും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും രാവിലെ 9 മുതൽ വൈകീട്ട് 4 മണിവരെയുള്ള സമയത്തേക്ക് മാറ്റണമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി.

നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട യാതൊരു സാഹചര്യവുമില്ലെന്നും വിതരണം സാധാരണ നിലയിൽ തന്നെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

article-image

adfsaf

You might also like

  • Lulu Exchange
  • Straight Forward

Most Viewed