ബാങ്ക് അക്കൗണ്ട് തട്ടിപ്പ്: പ്രവാസിയായ പാചകക്കാരന് ബഹ്റൈനിൽ മൂന്ന് വർഷം തടവും നാടുകടത്തലും


പ്രദീപ് പുറവങ്കര

മനാമ: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടിയ കേസിൽ 23-കാരനായ പ്രവാസി പാചകക്കാരന് മൂന്ന് വർഷം തടവും 1,000 ബഹ്‌റൈനി ദിനാർ പിഴയും വിധിച്ച് കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനും ഉത്തരവിട്ടു. ബാങ്ക് അക്കൗണ്ടിൽ നിന്ന് 899 ദിനാർ തട്ടിയെടുത്ത സംഘടിത ഓൺലൈൻ തട്ടിപ്പ് ശൃംഖലയിൽ പങ്കാളിയായതിനാണ് ശിക്ഷ.

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന വ്യാജ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഇരയായ വ്യക്തി സന്ദേശത്തിലെ ലിങ്കിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഫോണിൽ വന്ന വൺ-ടൈം പാസ്‌വേഡ് (OTP) നൽകിയതോടെ രണ്ട് ഘട്ടങ്ങളിലായി 899 ദിനാർ അക്കൗണ്ടിൽ നിന്ന് നഷ്ടമായി. അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്യപ്പെട്ടതെന്ന് കണ്ടെത്തി. തുടർന്ന് എ.ടി.എം വഴി പണം പിൻവലിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അജ്ഞാതരായ കൂട്ടുപ്രതികളുമായി ചേർന്ന് ഇരയുടെ ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് കൈക്കലാക്കി അക്കൗണ്ടിൽ അനധികൃതമായി പ്രവേശിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ കേസ്. പണം അക്കൗണ്ടിൽ സ്വീകരിച്ചതും എ.ടി.എം വഴി പിൻവലിച്ചതും പ്രതി സമ്മതിച്ചെങ്കിലും, മറ്റൊരു വ്യക്തിയുടെ നിർദ്ദേശപ്രകാരമാണ് പണം കൈമാറിയതെന്നാണ് ഇയാൾ വാദിച്ചത്. എന്നാൽ ഈ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളോ തെളിവുകളോ ഹാജരാക്കാൻ പ്രതിക്ക് കഴിഞ്ഞില്ല. പ്രതിക്ക് മറ്റ് പല സാമ്പത്തിക തട്ടിപ്പ് കേസുകളുമായും ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed