ആഭിചാരക്രിയകൾക്കും ദുർമന്ത്രവാദത്തിനുമെതിരെ കടുത്ത നിയമനടപടി: ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനും തടവുശിക്ഷ
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ദുർമന്ത്രവാദവും ആഭിചാരക്രിയകളും അന്ധവിശ്വാസപരമായ ചൂഷണങ്ങളും പൂർണ്ണമായി നിരോധിക്കുന്നതിനുള്ള 'ദുർമന്ത്രവാദവും ആഭിചാരവും മനുഷ്യത്വവിരുദ്ധ ദുഷ്പ്രവർത്തനങ്ങളും തടയൽ ബില്ലിന്റെ' കരട് വിദഗ്ദ്ധസമിതി സർക്കാരിന് കൈമാറി. ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന 22 ഗുരുതര കുറ്റകൃത്യങ്ങളാണ് കരട് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ശിക്ഷകൾക്ക് പുറമേയാണിത്.
പ്രധാനമായും മൂന്ന് വിഭാഗങ്ങളായാണ് കുറ്റകൃത്യങ്ങളെയും ശിക്ഷകളെയും വേർതിരിച്ചിരിക്കുന്നത്. നരബലി, ജീവനോടെ അടക്കം ചെയ്യൽ, മരണത്തിന് കാരണമാകുന്ന മറ്റ് ആഭിചാര പ്രവൃത്തികൾ എന്നിവ ഉൾപ്പെടുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കും. മാരകമായി പരിക്കേൽപ്പിക്കൽ, അംഗഭംഗം വരുത്തൽ, ആഭിചാരത്തിന്റെ പേരിൽ നടത്തുന്ന ലൈംഗികാതിക്രമങ്ങളും ബലാത്സംഗവും, ജീവന് ഹാനികരമായ പദാർത്ഥങ്ങൾ ബലമായി കഴിപ്പിക്കൽ എന്നിവയ്ക്ക് 10 വർഷം വരെ തടവും പിഴയുമാണ് ശിക്ഷ. ബാധയൊഴിപ്പിക്കലിന്റെ പേരിലുള്ള മർദ്ദനം, ലഹരിവസ്തുക്കൾ നൽകൽ, വിസർജ്യങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ, സ്ത്രീകളെ അധിക്ഷേപിക്കൽ, സാമ്പത്തിക-സ്വർണ്ണ തട്ടിപ്പുകൾ, ശാസ്ത്രീയ ചികിത്സ നിഷേധിക്കൽ, നിർബന്ധിത ഗർഭച്ഛിദ്രം, അതീന്ദ്രിയ ശക്തികളുടെ പേരിൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് 7 വർഷം വരെ തടവും പിഴയും ലഭിക്കും.
അമാനുഷിക ശക്തികളുണ്ടെന്ന് അവകാശപ്പെടുന്നവരെ സോഷ്യൽ മീഡിയയോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോ വഴി പ്രചരിപ്പിക്കുന്നതും മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറും. പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയുടെ പശ്ചാത്തലത്തിൽ കേരള യുക്തിവാദി സംഘം നൽകിയ ഹർജിയിൽ ഹൈക്കോടതി നൽകിയ നിർദ്ദേശപ്രകാരമാണ് നിയമപരിഷ്കരണ കമ്മീഷൻ ഉപാധ്യക്ഷനും മുൻ നിയമ സെക്രട്ടറിയുമായ കെ. ശശിധരൻ നായർ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന വിദഗ്ദ്ധസമിതി രൂപീകരിച്ചത്.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടാണ് കരട് തയ്യാറാക്കിയിട്ടുള്ളതെന്ന് സമിതി വ്യക്തമാക്കി. ഇത്തരം കേസുകൾ അന്വേഷിക്കാൻ എല്ലാ ജില്ലകളിലും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസിന്റെ (DySP) നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും സംസ്ഥാനതലത്തിൽ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ നിരീക്ഷണ സമിതിയെയും നിയോഗിക്കാൻ ബില്ലിൽ ശുപാർശയുണ്ട്.
ുരു

