പ്രസിഡന്റ് പദവി ഒഴിഞ്ഞ് അലക്‌സാണ്ടർ വൂചിച്ച്; സെർബിയ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക്
ശാരിക
ബെൽഗ്രേഡ്: സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വൂചിച്ച് രാജിവെച്ചു. കാലാവധി പൂർത്തിയാകാൻ എട്ട് മാസം ബാക്കിനിൽക്കെയാണ് രാജി. ഒക്ടോബർ 25-ന് നടക്കാനിരിക്കുന്ന അടിയന്തര പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഈ അപ്രതീക്ഷിത നീക്കം.
സെർബിയൻ ഭരണഘടന അനുസരിച്ച് ഒരാൾക്ക് തുടർച്ചയായി മൂന്നാം തവണ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാൻ വിലക്കുണ്ട്. ഈ സാഹചര്യത്തിൽ, ഭരണകക്ഷിയായ സെർബിയൻ പ്രോഗ്രസീവ് പാർട്ടിയെ നയിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്താനാണ് വൂചിച്ച് ലക്ഷ്യമിടുന്നത്. നിലവിലെ പാർലമെന്റ് സ്പീക്കറും മുൻ പ്രധാനമന്ത്രിയുമായ അന ബ്രനാബിച്ച് രാജ്യത്തിന്റെ താൽക്കാലിക പ്രസിഡന്റായി ചുമതലയേറ്റു. മൂന്ന് മാസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പും സെർബിയയിൽ നടക്കും.
കഴിഞ്ഞ രണ്ട് വർഷത്തോളമായി അഴിമതിക്കും സ്വേച്ഛാധിപത്യ ഭരണത്തിനുമെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ നടന്നു വരികയായിരുന്നു. ഈ പ്രതിഷേധങ്ങളാണ് ഒടുവിൽ രാജ്യത്തെ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. അതേസമയം, രാജി സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ്, വിവിധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥികൾ ഉൾപ്പെടെ 49 പേർക്ക് പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് വൂചിച്ച് മാപ്പ് നൽകി.
fsdf

