ബഹ്‌റൈനിൽ പ്രവാസി തൊഴിലാളികൾക്ക് ആശ്വാസം: വർക്ക് പെർമിറ്റ് മാറ്റാതെ തന്നെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുമതി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രവാസി തൊഴിലാളികൾക്ക് ഇനി വർക്ക് പെർമിറ്റ് മാറ്റാതെ തന്നെ രണ്ടാമതൊരു തൊഴിലുടമയ്ക്ക് കീഴിൽ മൂന്ന് മാസം വരെ ജോലി ചെയ്യാമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു. തൊഴിലുടമയുമായി മാത്രം വിദേശ തൊഴിലാളികളെ ബന്ധിപ്പിച്ചിരുന്ന നിലവിലുള്ള നിയമങ്ങളിലാണ് വലിയ ഇളവ് വരുത്തിയിരിക്കുന്നത്.

ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വ്യത്യസ്ത കമ്പനികൾക്കിടയിലോ, അല്ലെങ്കിൽ ഒരേ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്കിടയിലോ വിദേശ ജീവനക്കാരെ താൽക്കാലികമായി മാറ്റാനും പുതിയ നിയമം അനുവാദം നൽകുന്നുണ്ട്. ഈ സ്ഥാപനങ്ങൾക്ക് വ്യത്യസ്ത കമേഴ്‌സ്യൽ രജിസ്‌ട്രേഷൻ അഥവാ സി.ആർ നമ്പറുകൾ ഉണ്ടെങ്കിൽ പോലും ജീവനക്കാരുടെ സ്ഥലംമാറ്റം സാധ്യമാകും. 2026-ലെ രണ്ടാം നമ്പർ തീരുമാനമനുസരിച്ച് വീട്ടുജോലിക്കാരല്ലാത്ത മറ്റു വിഭാഗങ്ങളിലെ വിദേശ തൊഴിലാളികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

2008-ലെ പഴയ നിയമപ്രകാരം വിദേശ തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുമതിയുണ്ടായിരുന്നില്ല. പെർമിറ്റിൽ രേഖപ്പെടുത്തിയ തൊഴിലിടത്തിലോ അല്ലെങ്കിൽ അതേ പ്രവർത്തന മേഖലയിലുള്ള മറ്റ് ശാഖകളിലോ മാത്രമേ ജോലി ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ വ്യവസ്ഥകൾ പ്രകാരം ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തോടെ തൊഴിലാളിക്ക് മൂന്ന് മാസം വരെ രണ്ടാമതൊരു സ്ഥാപനത്തിൽ സേവനം അനുഷ്ഠിക്കാം. ഇതിനായി തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതവും രണ്ട് തൊഴിലുടമകളുടെയും മുൻകൂട്ടിയുള്ള അനുമതിയും നിർബന്ധമാണ്.

രണ്ടാമത്തെ സ്ഥാപനത്തിലും തൊഴിലാളി നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന് തുല്യമായോ അതിനേക്കാൾ കൂടുതലോ ബഹ്‌റൈനൈസേഷൻ നിരക്ക് ഉണ്ടായിരിക്കണമെന്ന് നിയമം വ്യക്തമാക്കുന്നു. ഈ നിരക്ക് കുറവാണെങ്കിൽ ആവശ്യമായ ഫീസ് പുതിയ തൊഴിലുടമ അടയ്ക്കേണ്ടി വരും. മൂന്ന് മാസത്തെ ഈ താൽക്കാലിക സേവന കാലയളവിൽ തൊഴിലാളിയുടെ അവകാശങ്ങൾക്ക് രണ്ട് തൊഴിലുടമകൾക്കും സംയുക്ത ഉത്തരവാദിത്തമുണ്ടായിരിക്കും.

ബഹ്‌റൈനിൽ നിലവിൽ സാധുതയുള്ള പെർമിറ്റോടെ കഴിയുന്ന വിദേശ തൊഴിലാളികൾക്ക് മാത്രമേ ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകൂ. ഈ ഇളവ് ഉപയോഗിച്ച് വിദേശത്ത് നിന്ന് പുതിയ തൊഴിലാളികളെ കൊണ്ടുവരാൻ കമ്പനികൾക്ക് സാധിക്കില്ല. സ്ഥാപനങ്ങളിലെ താൽക്കാലിക തൊഴിലാളി ക്ഷാമം പരിഹരിക്കാനും നിയമവിരുദ്ധ ജോലികൾ തടയാനുമാണ് മൂന്ന് മാസത്തെ ഈ ഇളവ് നൽകുന്നതെന്ന് എൽ.എം.ആർ.എ ചീഫ് എക്‌സിക്യൂട്ടീവ് നിബ്രാസ് താലിബ് വ്യക്തമാക്കി.

വിദേശ തൊഴിലാളികളുടെ സേവനം കൂടുതൽ വഴക്കമുള്ളതാക്കി മാറ്റാൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റികൈക്കൊണ്ട തീരുമാനത്തെ ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ നബീൽ ഖാലിദ് കാനൂ സ്വാഗതം ചെയ്തു . പുതിയ നയം വാണിജ്യ സ്ഥാപനങ്ങൾക്ക് വൻ ആശ്വാസമേകുമെന്നും ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് ജീവനക്കാരെ കാര്യക്ഷമമായി വിന്യസിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വ്യത്യസ്ത സ്ഥാപനങ്ങൾക്കിടയിലോ ഒരേ ഗ്രൂപ്പിലെ കമ്പനികൾക്കിടയിലോ ജീവനക്കാരെ മാറ്റാൻ ഈ നിയമത്തിലൂടെ സാധിക്കും. കൂടാതെ, നിശ്ചിത നിയമപരമായ വ്യവസ്ഥകൾക്ക് വിധേയമായി വിദേശ തൊഴിലാളികൾക്ക് മൂന്ന് മാസം വരെ രണ്ടാമതൊരു തൊഴിലുടമയ്ക്ക് കീഴിൽ ജോലി ചെയ്യാനും അനുമതി നൽകുന്നുണ്ട്. വിദേശത്ത് നിന്ന് പുതിയ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള ചെലവും നടപടിക്രമങ്ങളും ഒഴിവാക്കി രാജ്യത്തുള്ള ജീവനക്കാരെ പ്രയോജനപ്പെടുത്താൻ ഇത് കമ്പനികളെ സഹായിക്കുമെന്ന് കാനൂ അഭിപ്രായപ്പെട്ടു.

ബിസിനസ് തുടർന്നുപോകുന്നതിനും, സാമ്പത്തിക മേഖലയ്ക്കനുസരിച്ച് തൊഴിൽ വിതരണം മെച്ചപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കും. തൊഴിലാളിയുടെ സമ്മതം, തൊഴിലുടമകളുടെ കൃത്യമായ ഉത്തരവാദിത്തങ്ങൾ, സ്വദേശിവൽക്കരണ (ബഹ്‌റൈനൈസേഷൻ) തോത് പാലിക്കൽ തുടങ്ങിയ സുതാര്യമായ നിയമപരമായ മുൻകരുതലുകൾ ഇരുകൂട്ടരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈനിലെ തൊഴിൽ വിപണി വികസിപ്പിക്കുന്നതിനും സ്വകാര്യ മേഖലയുടെ വളർച്ചയ്ക്കും ഈ നടപടി ഏറെ ഗുണകരമാകുമെന്ന് ചേംബർ ചെയർമാൻ ചൂണ്ടിക്കാട്ടി.

article-image

waar

You might also like

  • Lulu Exchange
  • Straight Forward

Most Viewed