തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ വോട്ട് മോഷണത്തിൽ പങ്കാളി; അഖിലേഷ് യാദവ്


ശാരിക

ലഖ്നോ: തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കുന്ന ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ വോട്ട് മോഷണത്തിലും ക്രമക്കേടുകളിലും നേരിട്ട് പങ്കാളിയാണെന്ന് അദ്ദേഹം ആരോപിച്ചു. ലഖ്നോവിലെ പാർട്ടി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നിർദേശപ്രകാരമല്ല പ്രവർത്തിക്കേണ്ടതെന്നും സ്വന്തം വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. വോട്ട് മോഷണവും അട്ടിമറികളും സംബന്ധിച്ച് സമാജ്‌വാദി പാർട്ടി നിരവധി തവണ രേഖാമൂലം പരാതി നൽകിയിട്ടും കമ്മീഷൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. റാംപൂർ ഉപതെരഞ്ഞെടുപ്പിലും തുടർന്നുവന്ന മറ്റ് യു.പി ഉപതെരഞ്ഞെടുപ്പുകളിലും വ്യാപക ക്രമക്കേടുകൾ നടന്നു. വോട്ടർമാരെ തടയുകയും വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുകയും ഏകപക്ഷീയമായി ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിട്ടും കമ്മീഷൻ മൗനം പാലിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

2017-ൽ ഈ തട്ടിപ്പ് മനസ്സിലായില്ലെങ്കിലും 2022-ൽ സമാജ്‌വാദി പാർട്ടി അനുഭാവികളുടെ ലക്ഷക്കണക്കിന് വോട്ടുകൾ നീക്കം ചെയ്തതായി വ്യക്തമായി. പരാതി നൽകിയിട്ടും ഒരു ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടായില്ല. നോയിഡയിൽ ഇപ്പോഴും വ്യാജ വോട്ടുകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ക്രമക്കേടുകൾ സംബന്ധിച്ച് മുൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ തന്നെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ രംഗത്തുവന്നിട്ടുണ്ടെന്നും, കോടതികൾ ഇത് ഗൗരവമായി പരിഗണിച്ച് പശ്ചിമ ബംഗാളിലും ബീഹാറിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിടണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.

സെപ്റ്റംബർ 30-ന് നടക്കുന്ന 'ഇന്ത്യ' സഖ്യ യോഗത്തിൽ മുതിർന്ന എസ്.പി നേതാക്കൾ പങ്കെടുക്കും. മുൻകൂട്ടി നിശ്ചയിച്ച മറ്റു പരിപാടികൾ ഉള്ളതിനാൽ തനിക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന കാര്യം കോൺഗ്രസ് അധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തളച്ചതുപോലെ 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയെ ഉത്തർപ്രദേശിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കും. ഓരോ മണ്ഡലത്തിലും എസ്.പി 27,000 വോട്ടുകൾ വീതം വർദ്ധിപ്പിക്കുകയും ബി.ജെ.പിയുടെ വ്യാജ വോട്ടുകൾ കുറയ്ക്കുകയും ചെയ്യുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed