ബറാ­ഖ ആണവനി­ലയത്തി­ന്റെ­ നി­ർ­മ്മാ­ണം പൂ­ർ­ത്തി­യാ­യി­


അബുദാബി : യു.എ.ഇ ആണവോർജ പദ്ധതിയുടെ ആദ്യത്തെ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയായി. ദക്ഷിണ കൊറിയൻ സഹകരണത്തോടെയാണ് പ്ലാന്റിന്റെ നിർമ്മാണം. ഏറ്റവും സുരക്ഷിതമായ എ.പി.ആർ 1400 ഗണത്തിൽ പെട്ടതാണ് അബുദാബി നഗരത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള അൽ ബറാക നിലയം. മധ്യപൂർവദേശത്തെ ആദ്യ ആണവോർജ കേന്ദ്രമെന്ന പ്രാധാന്യവും ഇതിനുണ്ട്. സംശുദ്ധ ഊർജം ഉപയോഗിച്ചുള്ള സമഗ്ര വികസനം എന്ന ലക്ഷ്യം മുൻനിർത്തി എണ്ണയിതര മേഖലയിൽ യു.എ.ഇ നടത്തിയ വൻമുന്നേറ്റമാണിത്. 60 വർഷമാണ് നിലയത്തിന്റെ കാലാവധി. 

ചരിത്രനിമിഷത്തിനു സാക്ഷ്യം വഹിക്കാൻ ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജെ ഇൻ, അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ അൽ ബറാകയിൽ എത്തി. നാല് ആണവോർജ പ്ലാന്റ് ഉൾപ്പെടുന്ന 2000 കോടി ഡോളറിന്റെ പദ്ധതിക്കായി കൊറിയൻ ഇലക്ട്രിക് പവർ കന്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് 2009 ഡിസംബറിലാണ് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ കരാർ നൽകിയത്. 2012ൽ നിർമ്മാണം ആരംഭിച്ചു. 

പദ്ധതിയുടെ മൂന്നാമത്തെയും നാലാമത്തെയും ആണവ റിയാക്ടറുകളോടനുബന്ധിച്ചുള്ള അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്ടാമത്തെ യൂണിറ്റിന്റെ നിർമ്മാണം 92% പൂർത്തിയായി. മൂന്നാമത്തെ യൂണിറ്റ് 81%, നാലാമത്തെ യൂണിറ്റ് 66% എന്നിങ്ങനെയും.

 വേൾഡ് എക്‌സ്‌പോ നടക്കുന്ന 2020ൽ എല്ലാ റിയാക്ടറുകളും പ്രവർത്തനസജ്ജമാകും. പ്രത്യേക പരിശീലനം നേടിയ 20,000ൽ ഏറെ തൊഴിലാളികൾ ജോലി ചെയ്യുന്നു. കുറഞ്ഞ ചെലവിൽ വൈദ്യുതി എന്നതിനു പുറമെ കാർബൺ മലിനീകരണം വൻതോതിൽ ഒഴിവാക്കാനാകുമെന്നതും പദ്ധതിയുടെ നേട്ടമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed