യുഎഇയിൽ എണ്ണച്ചോർച്ച; ഉമ്മുൽ ഖുവൈനിലെ മുഴുവൻ ബീച്ചുകളും തീരപ്രദേശങ്ങളും അടച്ചു
ശാരിക
അബൂദബി: യുഎഇയിൽ സമുദ്രത്തിൽ ടാങ്കറിൽ നിന്നുണ്ടായ എണ്ണച്ചോർച്ചയെ തുടർന്ന് ഉമ്മുൽ ഖുവൈനിലെ മുഴുവൻ ബീച്ചുകളും തീരപ്രദേശങ്ങളും താൽക്കാലികമായി അടച്ചുപൂട്ടി. യുഎഇയുടെ അത്യാധുനിക സാങ്കേതിക നിരീക്ഷണ സംവിധാനത്തിലൂടെയാണ് എണ്ണച്ചോർച്ച ആദ്യം കണ്ടെത്തിയത്. സ്ഥിതിഗതികൾ നിയന്ത്രിക്കാനും കൂടുതൽ ഭാഗത്തേക്ക് എണ്ണ പടരുന്നത് തടയാനുമുള്ള അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും ചോർച്ചയുടെ വ്യാപ്തി അളക്കുന്നതിനും പ്രത്യേക റെസ്പോൺസ് ടീം തീരപ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി സ്ഥിതി പൂർണ്ണമായും സാധാരണ നിലയിലാകുന്നത് വരെ ബീച്ചുകൾ തുറക്കില്ല. അതേസമയം, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ അനുഭവപ്പെട്ട ദുർഗന്ധം ആരോഗ്യത്തിന് ഹാനികരമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ശുചീകരണ ജോലികൾ നടക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കർശനമായ ജാഗ്രത പാലിക്കണമെന്നും, എണ്ണച്ചോർച്ച ബാധിച്ച പ്രദേശങ്ങളിൽ മത്സ്യബന്ധനം നടത്തരുമെന്നും നിർദ്ദേശമുണ്ട്. ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജപ്രചാരണങ്ങൾ നടത്തരുമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
sdfsdf

