ദുബൈയിലെ സ്വത്ത് സുരക്ഷിതമാക്കാൻ വിൽപ്പത്രം റജിസ്റ്റർ ചെയ്യാൻ അവസരം
ദുബൈ : ദുബൈയിലെ ഇന്ത്യൻ നിക്ഷേപങ്ങൾ സുരക്ഷിതമാക്കാന്‍ വിൽപ്പത്രം റജിസ്റ്റർ ചെയ്യാൻ അവസരമൊരുങ്ങുന്നു. സ്വന്തമായി ബിസിനസ് സ്ഥാപനം, വൻ തുക നിക്ഷേപം, ഫ്ളാറ്റോ കെട്ടിടമോ പോലുള്ള സ്വത്തുവകകൾ ഉള്ളവരുമായി അനേകം ഇന്ത്യക്കാർ യു.എ.ഇയിലുണ്ട്. ഇനി ദുബൈയിലും റാസൽഖൈമയിലുമുള്ള സ്വത്തുകളിൽ വിൽപ്പത്രം ദുബൈയിലെ ഡി.ഐ.എഫ്‍.സി വിൽസ് സർവ്വീസ് സെന്റർ വഴി രജിസ്റ്റർ ചെയ്യാം. കേരളത്തിൽ നിന്ന് തന്നെ ഓൺലൈനായി
ചെയ്യാനും സൗകര്യമുണ്ട്. യു.എ.ഇയിൽ സ്വത്തും ബാങ്ക് നിക്ഷേപവുമുള്ളവർക്ക് അവരുടെ കാലശേഷം കുടുംബാംഗങ്ങൾക്ക് സ്വത്ത് ഉറപ്പാക്കാൻ വിൽപ്പത്രം റജിസ്റ്റർ ചെയ്യാം. വിസ അപേക്ഷകൾ സമർപ്പിക്കുന്ന വി.എഫ്.എസ് ഗ്ലോബലുമായി സഹകരിച്ചാണ് പ്രവർത്തനം. ഇതിനായി തിരിച്ചറിയൽ രേഖകൾ ദുബൈയിൽ സമർപ്പിക്കാം.
യു.എ.ഇയിൽ ആയിരക്കണക്കിന് ഇന്ത്യാക്കാർ രണ്ടും മൂന്നും തലമുറക്കാരായുണ്ടെന്ന് ഡി.ഐ.എഫ്‍.സി ഡയറക്ടർ ഷോൺ ഹേഡ് പറഞ്ഞു. ഇതുവരെ 3500 ഇന്ത്യാക്കാരുടെ വിൽപ്പത്രങ്ങൾ ദുബൈ റജിസ്റ്റർ ചെയ്ത് കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഇതിൽ 10% കേരളത്തിൽ നിന്നുള്ളവരുടേതാണ്. നിലവിൽ വിൽപ്പത്രം റജിസ്റ്റർ ചെയ്യാതെ മരണം സംഭവിച്ചാൽ സ്വത്തുക്കൾ അവിടുത്തെ ശരീഅത്ത് നിയമപ്രകാരമായിരിക്കും വിഭജിക്കുക. അതനുസരിച്ച് ആൺമക്കൾക്കാണ് കൂടുതൽ സ്വത്തിന് അവകാശം. ഭാര്യയ്ക്ക് ആറിലൊന്ന് സ്വത്ത് മാത്രമാണ് ലഭിക്കുക. മൂന്നിലൊന്ന് മരിച്ചയാളിന്റെ മാതാപിതാക്കൾക്കും അവകാശപ്പെട്ടതാണ്. മുസ്‌ലിം ഇതരവിഭാഗങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിൽപ്പത്രം റജിസ്റ്റർ ചെയ്യാവുന്നതാണ്. മുസ്‌ലിങ്ങളാണെങ്കിൽ അവിടുത്തെ ശരീഅത്ത് നിയമപ്രകാരമേ ഭാഗം വെയ്ക്കൽ നടക്കൂ. ഇന്ത്യയിൽ വിൽപ്പത്രം റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും യു.എ.ഇയിൽ അതിന് അംഗീകാരമില്ല. യു.എ.ഇയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്നതിൽ രണ്ടാം സ്ഥാനം ഇന്ത്യാക്കാർക്കാണ്.

