പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ നിർത്തിവെച്ച ദുബൈ സർവീസ് പുനരാരംഭിച്ച് ബ്രിട്ടീഷ് എയർവേസ്


ശാരിക

ദുബൈ/ലണ്ടൻ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ദുബൈ സർവീസുകൾ പുനരാരംഭിച്ച് ബ്രിട്ടീഷ് എയർവേസ്. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേസ് വിമാനം കഴിഞ്ഞ ദിവസം ദുബൈയിലെത്തി. അതേസമയം, അബൂദബി, റിയാദ്, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നത് നീളും. ദോഹയിലേക്കുള്ള സർവീസ് കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് തന്നെ കമ്പനി പുനരാരംഭിച്ചിരുന്നു.

ലണ്ടൻ-ദുബൈ റൂട്ടിൽ ശൈത്യകാലത്ത് ദിവസേന ഒരു സർവീസാണ് നടത്തുക. 2027-ലെ വേനൽക്കാലം മുതൽ സർവീസ് ദിവസേന രണ്ടെണ്ണമായി വർധിപ്പിക്കാനാണ് എയർലൈനിന്റെ തീരുമാനം. അബൂദബിയിലേക്കുള്ള വിമാനങ്ങൾ ഇപ്പോഴും നിർത്തിവെച്ചിരിക്കുകയാണ്. 2027-28 ശൈത്യകാലത്തോടെ മാത്രമേ അബൂദബി സർവീസുകൾ പുനരാരംഭിക്കൂ എന്നാണ് നിലവിലെ അറിയിപ്പ്.

ദോഹയിലേക്ക് നിലവിൽ ദിവസേന ഒരു വിമാനമാണുള്ളത്. അമ്മാനിലേക്കുള്ള സർവീസ് നവംബർ നാലിന് ആഴ്ചയിൽ നാല് വിമാനങ്ങളുമായി പുനരാരംഭിക്കും. റിയാദിലേക്കുള്ള സർവീസുകൾ 2027 ജനുവരി 11 വരെ നിർത്തിവെച്ചിരിക്കുകയാണ്. ബഹ്റൈനിലേക്കുള്ള വിമാനങ്ങൾ മാർച്ച് അവസാനം വരെ ഉണ്ടാകില്ല.

ബ്രിട്ടീഷ് എയർവേയ്‌സ് ദുബൈ സർവീസ് പുനരാരംഭിച്ചെങ്കിലും മറ്റു പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികൾ മടക്കസർവീസുകൾ ഇപ്പോഴും വൈകിക്കുകയാണ്. എയർ ഫ്രാൻസ് നവംബർ ഏഴ് വരെയും ലുഫ്താൻസ, സ്വിസ്, യൂറോവിങ്സ് എന്നിവ നവംബർ 25 വരെയും സർവീസ് നടത്തുന്നില്ല. ഓസ്ട്രിയൻ എയർലൈൻസ് ഡിസംബർ 12-ന് സർവീസ് തുടങ്ങും. സിംഗപ്പൂർ എയർലൈൻസ് 2027 ഫെബ്രുവരി 28 വരെയാണ് സർവീസ് നിർത്തിവെച്ചിട്ടുള്ളത്. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങളും സുരക്ഷാ ആശങ്കകളുമാണ് മേഖലയിലെ വിമാന സർവീസുകളെ കടുത്ത പ്രതിസന്ധിയിലാക്കിയത്.

article-image

dsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed