ലേബലിൽ രേഖപ്പെടുത്താത്ത ആൽക്കഹോളിന്റെ സാന്നിധ്യം; 'ബേബി സ്ലീപ് ഗ്രൈപ് വാട്ടർ' തിരിച്ചുവിളിച്ച് ദുബൈ
ശാരിക
ദുബായ്: ലേബലിൽ രേഖപ്പെടുത്താത്ത അളവിൽ മാരകമായ ആൽക്കഹോൾ ഘടകങ്ങൾ അടങ്ങിയതും കൃത്യമായ വിപണനാനുമതി ഇല്ലാത്തതുമായ 'ബേബി സ്ലീപ് ഗ്രൈപ് വാട്ടർ' (Baby Sleep Gripe Water) ഉൽപ്പന്നത്തിന്റെ ചില ബാച്ചുകൾ ദുബായ് വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു.
ശിശുക്കളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് ദുബായ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (ഇ.ഡി.ഇ) രാജ്യത്തെ ക്ലിനിക്കുകൾക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും കർശന നിർദേശമടങ്ങിയ സർക്കുലർ അയച്ചിട്ടുണ്ട്. ബാച്ച് നമ്പർ 25122bw ഉള്ള ഉൽപ്പന്നങ്ങളാണ് പ്രധാനമായും വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നത്. ഈ ബാച്ചിൽപ്പെട്ട ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ ഉടൻ തന്നെ ഇതിന്റെ ഉപയോഗം നിർത്തണമെന്നും, പുതിയതായി വാങ്ങുന്നത് പൂർണ്ണമായി ഒഴിവാക്കണമെന്നും മാതാപിതാക്കൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലാബ് പരിശോധനയിൽ ഈ ഉൽപ്പന്നത്തിൽ എഥനോൾ, മെഥനോൾ, ഐസോപ്രൊപ്പനോൾ തുടങ്ങിയ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉൽപ്പന്നത്തിന്റെ ലേബലിൽ രേഖപ്പെടുത്താത്ത ഇത്തരം പദാർത്ഥങ്ങളുടെ സാന്നിധ്യം പിഞ്ചുകുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് അതീവ ഹാനികരമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം ഘടകങ്ങൾ ചെറിയ കുട്ടികളിൽ കടുത്ത മയക്കം, ഓക്കാനം, ഛർദ്ദി, ശ്വാസകോശ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തി വിപണിയിലെത്തുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ആരോഗ്യ വിഭാഗം പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
ി്േി

