പശ്ചിമേഷ്യൻ സംഘർഷം: സിംഗപ്പൂർ-ദുബായ് വിമാന സർവീസുകൾ 2027 ഫെബ്രുവരി വരെ റദ്ദാക്കി സിംഗപ്പൂർ എയർലൈൻസ്
ശാരിക
സിംഗപ്പൂർ: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷഭരിതമായ സാഹചര്യങ്ങളെ തുടർന്ന് സിംഗപ്പൂരിനും ദുബായിക്കുമിടയിലുള്ള വിമാന സർവീസുകൾ 2027 ഫെബ്രുവരി 28 വരെ റദ്ദാക്കിയതായി സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു. വെള്ളിയാഴ്ച പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് വിമാനക്കമ്പനി സർവീസുകൾ നിർത്തിവെച്ച വിവരം വ്യക്തമാക്കിയത്.
സിംഗപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള എസ്ക്യു 494 (SQ494), ദുബായിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള തിരികെ യാത്രയായ എസ്ക്യു 495 (SQ495) എന്നീ രണ്ട് പ്രധാന സർവീസുകളെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുന്നത്. മേഖലയിലെ സാഹചര്യം മാറുന്നതിനനുസരിച്ച് മറ്റ് സർവീസുകളെയും ഇത് ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകിയ എയർലൈൻസ്, യാത്രക്കാരോട് വെബ്സൈറ്റിലെ 'ഫ്ലൈറ്റ് സ്റ്റാറ്റസ്' പേജ് പരിശോധിച്ച് വിവരങ്ങൾ ഉറപ്പുവരുത്താൻ നിർദ്ദേശിച്ചു.
സർവീസ് റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഉപയോഗിക്കാത്ത ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകും (Full refund). സിംഗപ്പൂർ എയർലൈൻസ് വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റെടുത്തവർക്ക് ഓൺലൈൻ 'അസിസ്റ്റൻസ് റിക്വസ്റ്റ് ഫോം' വഴി റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ്. എന്നാൽ ട്രാവൽ ഏജന്റുകൾ വഴിയോ മറ്റ് പാർട്ണർ എയർലൈനുകൾ വഴിയോ ടിക്കറ്റ് എടുത്തവർ ബന്ധപ്പെട്ട ഏജൻസികളെയോ വിമാനക്കമ്പനികളെയോ ആണ് നേരിട്ട് ബന്ധപ്പെടേണ്ടത്.
യാത്രക്കാരുടെ കോൺടാക്റ്റ് വിവരങ്ങൾ വെബ്സൈറ്റിലെ 'മാനേജ് ബുക്കിംഗ്' വഴി കൃത്യമായി അപ്ഡേറ്റ് ചെയ്യാനും മൊബൈൽ നോട്ടിഫിക്കേഷൻ സേവനങ്ങൾ പ്രയോജനപ്പെടുത്താനും നിർദ്ദേശമുണ്ട്. പെട്ടെന്നുണ്ടായ ഈ തടസ്സത്തിൽ ബാധിക്കപ്പെട്ട എല്ലാ ഉപഭോക്താക്കളോടും സിംഗപ്പൂർ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു.
sddsf

