ചുട്ടുപൊള്ളി ഇന്ത്യ: ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അപകടകരമായ ഉഷ്ണതരംഗത്തിന് ഇരയായതായി റിപ്പോർട്ട്
ശാരിക
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ അത്യുഷ്ണത്തിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ദുരിതമനുഭവിച്ചത് ഇന്ത്യയിലെന്ന് റിപ്പോർട്ട്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസക്കാലയളവിൽ രാജ്യത്തെ 11.7 കോടിയോളം (117 ദശലക്ഷം) ജനങ്ങൾ 30 ദിവസത്തിലധികം അതീവ അപകടകരമായ കടുത്ത ചൂട് അനുഭവിച്ചതായി യു.എസ് ആസ്ഥാനമായുള്ള സ്വതന്ത്ര ഗവേഷണ സംഘടനയായ 'ക്ലൈമറ്റ് സെൻട്രൽ' പുറത്തുവിട്ട പഠനത്തിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ 59 പ്രമുഖ നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, കാലാവസ്ഥാ വ്യതിയാനം കാരണം അപകടകരമായ ചൂടുള്ള ദിവസങ്ങളിൽ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയത് ശ്രീനഗറിലാണ് (53 ദിവസങ്ങൾ). ചെന്നൈ (40 ദിവസം), രാജ്‌കോട്ട്, അമൃത്സർ (29 ദിവസം വീതം), ലക്നൗ (27 ദിവസം) എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിൽ. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ സ്വാധീനമുള്ള ഏറ്റവും കൂടുതൽ ചൂടുള്ള ദിവസങ്ങൾ രേഖപ്പെടുത്തിയത് മുംബൈയിലാണ് (86 ദിവസങ്ങൾ). ഈ സീസണിൽ ഒരു സാധാരണക്കാരൻ ശരാശരി 39 ദിവസത്തോളം കടുത്ത ചൂട് അനുഭവിക്കേണ്ടി വന്നുവെന്നും, താപനില സാധാരണയേക്കാൾ 0.7 ഡിഗ്രി സെൽഷ്യസ് അധികമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ആഗോളതലത്തിൽ 150 കോടിയിലധികം ആളുകൾ ഇക്കാലയളവിൽ ജീവന് ഭീഷണിയായ ചൂട് നേരിട്ടു. ഇന്ത്യയ്ക്ക് പിന്നാലെ ചൈനയിൽ 9.4 കോടി ആളുകളും ഇന്തോനേഷ്യയിൽ 8.3 കോടി ആളുകളും ഉഷ്ണതരംഗത്തിന് ഇരയായി. ഫോസിൽ ഇന്ധനങ്ങളിലുള്ള മനുഷ്യന്റെ അമിതാശ്രയമാണ് ആഗോളതാപനം രൂക്ഷമാക്കിയതെന്നും, ഇത് കാലാവസ്ഥാ അടിയന്തരാവസ്ഥയുടെ മുന്നറിയിപ്പാണെന്നും യു.എൻ കാലാവസ്ഥാ വ്യതിയാന കൺവെൻഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്റ്റീൽ പ്രതികരിച്ചു.
vbvcvcvcv

