വയനാട്ടിലെ വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം പിടിച്ചെടുത്തു; മണിക്കൂറുകൾ നീണ്ട തർക്കത്തിനൊടുവിൽ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
ഷീബ വിജയൻ
കൊച്ചി: വയനാട്ടിലെ വീട്ടിൽ നിന്ന് നിയമപരമായി കൈവശം വെക്കാവുന്നതിലും കൂടുതൽ മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചി കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കും വാക്കുതർക്കങ്ങൾക്കുമൊടുവിലാണ് എക്സൈസ് സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എറണാകുളം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ആന്റോ അഗസ്റ്റിനുമായി എക്സൈസ് സംഘം വയനാട്ടിലേക്ക് തിരിച്ചു.
ഫുട്ബോൾ താരം മെസ്സിയുടെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 67 ലിറ്ററിലധികം മദ്യം കണ്ടെത്തിയത്. വിദേശ നിർമ്മിത മദ്യം (43 ലിറ്റർ), വിദേശ വൈൻ (4.824 ലിറ്റർ), കേരള വൈൻ (5.500 ലിറ്റർ), മിലിട്ടറി ലിക്കർ (860 മില്ലിലിറ്റർ), വീട്ടിൽ നിർമ്മിച്ചതെന്ന് സംശയിക്കുന്ന വൈൻ (12.750 ലിറ്റർ) എന്നിവയാണ് പിടിച്ചെടുത്തത്. കേരളത്തിൽ ഒരാൾക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ അളവ് 3 ലിറ്ററാണെന്നിരിക്കെ, ഇതിന്റെ 14 ഇരട്ടിയോളം മദ്യമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്.
അറസ്റ്റ് നടപടികൾക്കായി വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം ചാനൽ ഓഫീസിലെത്തിയതോടെ വലിയ തർക്കമാണ് ഉടലെടുത്തത്. പ്രിന്റ് ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ് ലഭിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് ആന്റോ അഗസ്റ്റിനും അഭിഭാഷകനും ജീവനക്കാരും വാശിപിടിച്ചതോടെ അന്തരീക്ഷം സംഘർഷഭരിതമായി. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ പുറത്തുപോയി എഫ്.ഐ.ആറിന്റെ പ്രിന്റ് ചെയ്ത പകർപ്പ് എത്തിച്ചു നൽകിയ ശേഷമാണ് ഇയാളെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് വിശദമായി അന്വേഷിച്ചുവരികയാണ്.
eqwqwqwwq

