ബഹ്റൈനിൽ വളർത്തുമൃഗങ്ങളുടെ ചികിൽസാച്ചെലവ് വർധിക്കുന്നു; കുറഞ്ഞ നിരക്കിൽ സർക്കാർ വെറ്ററിനറി സേവനങ്ങൾ പുനരാരംഭിക്കണമെന്ന് ആവശ്യം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ സ്വകാര്യ ക്ലിനിക്കുകളിൽ പരിശോധനകൾക്ക് പുറമെ വെറ്ററിനറി ചികിത്സയ്ക്കായി മാത്രം വളർത്തുമൃഗ ഉടമകൾ 200 ബഹ്‌റൈനി ദിനാറിലധികം നൽകേണ്ടി വരുന്നതായി പരാതി. ഇതേത്തുടർന്ന് കുറഞ്ഞ നിരക്കിലുള്ള സർക്കാർ വെറ്ററിനറി സേവനങ്ങൾ പുനരാരംഭിക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികളും മുനിസിപ്പൽ കൗൺസിലർമാരും രംഗത്തെത്തി.

ഉയർന്ന ചികിത്സാച്ചെലവ് വളർത്തുമൃഗ ഉടമകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും മൃഗങ്ങളെ ദത്തെടുക്കുന്നതിൽ നിന്ന് ആളുകളെ പിന്നോട്ട് വലിക്കുന്നുണ്ടെന്നും ബഹ്‌റൈൻ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് (BSPCA) ചെയർമാൻ മഹ്മൂദ് ഫറജ് പറഞ്ഞു. 1961 മുതൽ സൗജന്യമായി നൽകിയിരുന്ന സർക്കാർ വെറ്ററിനറി സേവനങ്ങൾ 2004 മുതൽ വെട്ടിക്കുറയ്ക്കുകയും 2017 ഓടെ പൂർണ്ണമായി നിർത്തലാക്കുകയും ചെയ്തു. യോഗ്യതയുള്ള നിരവധി വെറ്ററിനറി ഡോക്ടർമാർ നിലവിൽ സർക്കാർ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ ജോലി ചെയ്യുന്നുണ്ടെന്നും, ഇവരുടെ സേവനം ചികിത്സയ്ക്കായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബുദയ്യ വെറ്ററിനറി സെന്റർ കേന്ദ്രീകരിച്ച് കുറഞ്ഞ നിരക്കിൽ ചികിത്സ പുനരാരംഭിക്കണമെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് സാദ് അൽ ദോസരി നിർദ്ദേശിച്ചു. ഇത് ചെറുകിട കർഷകർക്കും ക്ഷീരകർഷകർക്കും വലിയ ആശ്വാസമാകുമെന്നും, രോഗങ്ങൾ നേരത്തെ കണ്ടെത്തി മൃഗങ്ങളുടെ മരണം തടയാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയുമായി വെറ്ററിനറി പരിപാലനം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും, പുതുതായി പഠിച്ചിറങ്ങിയ ബഹ്‌റൈനി വെറ്ററിനറി ബിരുദധാരികൾക്ക് കരാറടിസ്ഥാനത്തിൽ ജോലി നൽകണമെന്നും സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുള്ള അബ്ദുൽ ലത്തീഫും ആവശ്യപ്പെട്ടു.

തെരുവ് നായ്ക്കളുടെയും പൂച്ചകളുടെയും വന്ധ്യംകരണത്തിനും ചികിത്സയ്ക്കുമായി ഓരോ സ്വകാര്യ ക്ലിനിക്കും പ്രതിമാസം കുറഞ്ഞത് അഞ്ച് തെരുവ് മൃഗങ്ങളെയെങ്കിലും സൗജന്യമായി ചികിത്സിക്കണമെന്ന നിർദ്ദേശവും മഹ്മൂദ് ഫറജ് മുന്നോട്ടുവെച്ചു. വളർത്തുമൃഗങ്ങളുടെയും തെരുവ് മൃഗങ്ങളുടെയും സംരക്ഷണത്തിനായി ഒരു സർക്കാർ മൃഗസംരക്ഷണ കേന്ദ്രം (Government Animal Shelter) ആരംഭിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

dfsafdsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed