ജയിലിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുമെന്ന് പ്രവാസികാര്യ കമ്മീഷൻ
അബുദാബി : പ്രവാസികളുടെ പ്രശ്‍നങ്ങൾ പരിഹരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും വിദേശത്ത് ജയിലിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ ഇടപെടുമെന്നും കേരളാ പ്രവാസികാര്യ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി. ഭവദാസൻ പറഞ്ഞു. പ്രവാസികളുടെ ഏറെ നാളത്തെ ആവശ്യമായ വിമാനകന്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രവാസികൾക്ക് നിയമ ബോധവൽകരണം നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പ്രവാസികളുടെ പ്രശ്‍നങ്ങൾ പരിഹരിക്കുന്നതിനായി കോഴിക്കോട് കമ്മീഷൻ അദാലത്ത് നടത്തി. സംഘടനാ നേതാക്കളുമായും കമ്മീഷൻ ചർച്ച നടത്തി. നോർക്കാ റൂട്ട്സ് ശുപാർശ ചെയ്‍തവർക്ക് വായ്‍പ നൽകുന്നതിനുള്ള നടപടികൾ ഉദാരമാക്കാൻ ബാങ്കുകളോട് ആവശ്യപ്പെടും. പെൻഷൻ തുക ഉയർത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും കമ്മീഷൻ പറഞ്ഞു. 60 വയസ് കഴിഞ്ഞവർക്ക് നോർക്ക വെൽഫയർ ഫണ്ടിൽ ചേരുന്നതിനുള്ള തടസ്സങ്ങൾ പരാതിക്കാർ ശ്രദ്ധയിൽപ്പെടുത്തി. പരാതികളുടെ അടിസ്ഥാനത്തിൽ തുടർഅദാലത്തുകൾ നടത്തുമെന്ന് ജസ്റ്റിസ് പി. ഭവദാസൻ അറിയിച്ചു.

