സലാലയിലെ മലയാളി സമൂഹത്തിന്റെ സ്നേഹവും സൗഹാർദവും മാതൃകാപരം : ബ്ലസി
സലാല : സലാലയിലെ മലയാളി സമൂഹത്തിന്റെ സ്നേഹവും സൗഹാർദവും മാതൃകാപരമെന്ന് പ്രശസ്ത സംവിധായകൻ ബ്ലസി. ഇതര ഗൾഫ് നാടുകളിൽ നിന്നും വ്യത്യസ്തമാണ് സലാലയിലെ മലയാളി സമൂഹമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.സി മലയാള വിഭാഗം സംഘടിപ്പിച്ച ക്രിസ്തുമസ് - പുതു വത്സരാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരൂന്നു അദ്ദേഹം. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൈതാനിയിൽ നടന്ന പരിപാടിയിൽ കൺവീനർ ആർ.എം ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു.
സ്നേഹവും കാരുണ്യവും വിളംബരം ചെയ്ത ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്പോൾ ഈ മഹത്തായ മൂല്യങ്ങൾ സ്വായത്തമാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നും ബ്ലെസി പറഞ്ഞു.
വിവിധ ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഏഴിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച നന്ദന അനിൽ ഇരുപത്തിയഞ്ച് പോയന്റ് നേടി കലാ തിലക പട്ടത്തിന് അർഹയായി. 29 ഇനങ്ങളിലായി ആയിരത്തോളം വിദ്യാർത്ഥികളാണ് മത്സരിച്ചത്. മൻപ്രീത് സിംഗ്, യു.പി ശശീന്ദ്രൻ, മോഹൻ ദാസ് തന്പി, സന്തോഷ്, രാജഗോപാൽ എന്നിവർ സംബന്ധിച്ചു. കൾച്ചറൽ സെക്രട്ടറി ബഷീർ ചാലിശ്ശേരി സ്വാഗതവും ഹേമ ഗംഗാധരൻ നന്ദിയും പറഞ്ഞു.

