നാല് വർഷം പിന്നിട്ട് 'പ്രോജക്ട് ചീറ്റ'; ഇന്ത്യയിൽ ജനിച്ച 32 കുഞ്ഞുങ്ങളടക്കം ചീറ്റകളുടെ എണ്ണം 52 ആയി
ശാരിക
ന്യൂഡൽഹി: രാജ്യത്ത് ചീറ്റകളെ പുനരധിവസിപ്പിക്കുന്നതിനായുള്ള 'പ്രോജക്ട് ചീറ്റ' നാല് വർഷം പൂർത്തിയാക്കുമ്പോൾ ചീറ്റകളുടെ എണ്ണം 52 ആയി ഉയർന്നു. ഇതിൽ 32 എണ്ണം ഇന്ത്യയിൽ തന്നെ ജനിച്ച കുഞ്ഞുങ്ങളാണെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ അടുത്തഘട്ടത്തിൽ കൂടുതൽ അനുയോജ്യമായ ആവാസവ്യവസ്ഥകൾ വികസിപ്പിച്ച് ദീർഘകാലാടിസ്ഥാനത്തിൽ ചീറ്റകളുടെ വംശവർദ്ധനവ് ഉറപ്പാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
2022 സെപ്റ്റംബർ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയയിൽ നിന്നുള്ള എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ തുറന്നുവിട്ടതോടെയാണ് പദ്ധതിക്ക് തുടക്കമായത്. നിലവിൽ കുനോയിൽ 49-ഉം ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിൽ മൂന്നും ചീറ്റകളാണുള്ളത്. കുനോയിലെ 49 എണ്ണത്തിൽ 17 ചീറ്റകൾ തുറന്ന വനമേഖലയിലും, ഒരു വയസ്സിൽ താഴെയുള്ള 19 കുഞ്ഞുങ്ങൾ അടക്കം 32 എണ്ണം പ്രത്യേക എൻക്ലോഷറുകളിലുമാണ് കഴിയുന്നത്.
നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റകളിൽ മൂന്നെണ്ണവും അവയിലുണ്ടായ 22 കുഞ്ഞുങ്ങളും അടക്കം നിലവിൽ 25 നമീബിയൻ വംശവഴിയുള്ള ചീറ്റകളുണ്ട്. 2023-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിച്ച 12 ചീറ്റകളിൽ എട്ടെണ്ണവും അവയുടെ 10 കുഞ്ഞുങ്ങളും ഉൾപ്പെടെ 18 എണ്ണം വേറെയുമുണ്ട്. ഇതിനുപുറമേ, ഈ വർഷം ഫെബ്രുവരിയിൽ ബോട്സ്വാനയിൽ നിന്ന് ഒമ്പത് ചീറ്റകളെ കൂടി എത്തിച്ചതോടെ പദ്ധതിയുടെ അടിത്തറ കൂടുതൽ ശക്തമായി.
fxbvvcbv

