മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; കുറിപ്പടി പ്രകാരമുള്ള മരുന്ന് വിൽപന നിരീക്ഷണത്തിൽ
ശാരിക
ന്യൂഡൽഹി: രാജ്യത്തെ ഫാർമസികളിലൂടെയും മെഡിക്കൽ സ്റ്റോറുകളിലൂടെയും കുറിപ്പടി പ്രകാരമുള്ള മരുന്നുകളുടെ വിൽപന സിസിടിവി നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശം. മരുന്ന് വിൽപനയിലെ സുതാര്യത ഉറപ്പാക്കുന്നതിനും അനധികൃത വിൽപന തടയുന്നതിനുമായി 1945-ലെ ഡ്രഗ്സ് റൂൾസിൽ ഭേദഗതി വരുത്താനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. ഡോക്ടറുടെ കുറിപ്പടിയോടെ റീട്ടെയിൽ മരുന്ന് വിൽപന നടത്തുന്ന എല്ലാ ലൈസൻസ്ഡ് സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ നിർബന്ധമാക്കാനാണ് കരടിലെ പ്രധാന നിർദേശം. ഈ ദൃശ്യങ്ങൾ കുറഞ്ഞത് മൂന്ന് മാസമെങ്കിലും സ്ഥാപനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടി വരും. എന്നാൽ മൊത്തവ്യാപാര (ഹോൾസെയിൽ) സ്ഥാപനങ്ങളെ തൽക്കാലം ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
1945-ലെ ഡ്രഗ്സ് റൂൾസിലെ 65-ാം ചട്ടത്തിലാണ് ഭേദഗതി വരുത്തുന്നത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൗണ്ടറുകളിലൂടെയുള്ള മരുന്ന് വിൽപനയും ചുമമരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ ദുരുപയോഗവും പൂർണ്ണമായി തടയുകയാണ് ലക്ഷ്യം. ഷെഡ്യൂൾ എച്ച്, എച്ച്1, എക്സ് വിഭാഗത്തിൽപ്പെട്ട മരുന്നുകളുടെ വിൽപനയ്ക്കും പുതിയ നിയമം കർശനമായി ബാധകമാകും. പൊതുജനങ്ങളിൽ നിന്നും വിദഗ്ധരിൽ നിന്നും അഭിപ്രായങ്ങൾ തേടിയ ശേഷം പദ്ധതിയുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.
cddfsdsds

