യുഎഇ പ്രതിരോധം ശക്തം; 161 മിസൈലുകളും 645 ഡ്രോണുകളും തകർത്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

അബുദാബി: ഇറാൻ തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും യുഎഇ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയം. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതു മുതൽ യുഎഇ ലക്ഷ്യമാക്കി വന്ന 174 ബാലിസ്റ്റിക് മിസൈലുകളിൽ 161 എണ്ണവും തകർത്തതായാണ് ഔദ്യോഗിക വാർത്തകുറിപ്പിലൂടെ യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ബാക്കിയുള്ള 13 മിസൈലുകൾ കടലിൽ പതിച്ചു. ഒമ്പത് ബാലിസ്റ്റിക് മിസൈലുകൾ, ആറ് ക്രൂയിസ് മിസൈലുകൾ, 148 ഡ്രോണുകൾ എന്നിവയാണ് ഏറ്റവും ഒടുവിലായി പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തത്.

ആക്രമണങ്ങളിൽ ഇതുവരെ മൂന്ന് പേർ മരിച്ചതായും 68 പേർക്ക് നിസാര പരിക്കേറ്റതായും മന്ത്രാലയം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ബാലിസ്റ്റിക് മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനവും ഡ്രോണുകളെയും ക്രൂയിസ് മിസൈലുകളെയും യുദ്ധവിമാനങ്ങളും തടയുന്നതിനിടെ ഉണ്ടായതാണെന്നും അധികൃതർ വ്യക്തമാക്കി. ആകെ തൊടുത്തുവിട്ട 689 ഇറാനിയൻ ഡ്രോണുകളിൽ 645 എണ്ണവും തകർക്കാൻ യുഎഇ സേനയ്ക്ക് സാധിച്ചു. എന്നാൽ 44 ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്.

മിസൈലുകളും ഡ്രോണുകളും തടയുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് ചില സിവിലിയൻ കെട്ടിടങ്ങൾക്കും സ്വത്തുക്കൾക്കും ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ സുരക്ഷിതമായി നിലനിർത്താൻ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിവിലിയൻ മേഖലകളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾക്കെതിരെ കർശന നിരീക്ഷണം തുടരുകയാണ്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed