ലഹരിക്കടത്ത്: പ്രതിക്ക് 10 വർഷം തടവും 10,000 ദിനാർ പിഴയും; രണ്ടാമനെ കോടതി വെറുതെ വിട്ടു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഹൈ ക്രിമിനൽ കോടതി പത്ത് വർഷം തടവും 10,000 ദിനാർ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. അതേസമയം, കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന രണ്ടാമനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.
വിമാനത്താവളത്തിലെ പതിവ് എക്സ്-റേ പരിശോധനയ്ക്കിടെ ഒരു യാത്രക്കാരന്റെ ബാഗേജിൽ സംശയാസ്പദമായ രീതിയിലുള്ള ദൃശ്യങ്ങൾ കണ്ടതാണ് കേസിന് ആധാരമായത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. കശുവണ്ടി, പഴങ്ങൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവയ്ക്കുള്ളിലായി അതീവ ജാഗ്രതയോടെയാണ് ഇവ ഒളിപ്പിച്ചിരുന്നത്.
തുടർന്ന് ആന്റി-നാർക്കോട്ടിക് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ, ലഹരിമരുന്ന് കൈമാറാൻ 'ഡെഡ് ഡ്രോപ്പ്' രീതിയാണ് ഉപയോഗിച്ചതെന്ന് ഒന്നാം പ്രതി സമ്മതിച്ചു. മുൻകൂട്ടി നിശ്ചയിച്ച ഒരിടത്ത് ലഹരിമരുന്ന് പാക്കറ്റ് ഉപേക്ഷിക്കുകയും മറ്റൊരാൾ വന്ന് അത് കൈപ്പറ്റുകയും ചെയ്യുന്ന രീതിയാണിത്. പോലീസിന്റെ നിരീക്ഷണത്തിനിടയിൽ പാക്കറ്റ് എടുക്കാൻ എത്തിയ രണ്ടാമനെ പോലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
വിപുലമായ ലഹരിക്കടത്ത് ശൃംഖലയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷാ വിധി പുറപ്പെടുവിച്ചത്.
acdsdsaasda



