വ്യാജ രാജിക്കത്ത്; ആഫ്രിക്കൻ സ്വദേശിക്ക് അഞ്ച് വർഷം തടവും നാടുകടത്തലും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബഹ്‌റൈനിൽ വ്യാജ ഇലക്ട്രോണിക് രേഖകൾ ചമച്ച് സ്വദേശി ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ച കേസിൽ ആഫ്രിക്കൻ സ്വദേശിക്ക് അഞ്ച് വർഷം തടവ്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും 5,000 ബഹ്‌റൈൻ ദിനാർ പിഴ ചുമത്താനും കോടതി ഉത്തരവിട്ടു. തട്ടിപ്പിനായി ഉപയോഗിച്ച വ്യാജ രേഖകൾ കണ്ടുകെട്ടാനും കോടതി നിർദ്ദേശിച്ചു.

ഒരു സെക്യൂരിറ്റി കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന പ്രതി, അഞ്ച് ബഹ്‌റൈൻ സ്വദേശികളെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് ഇവരുടെ മൊബൈൽ ഫോണുകളിലേക്ക് വന്ന ഒടിപി (OTP) ശേഖരിച്ചായിരുന്നു ചതി. ഒടിപി ഉപയോഗിച്ച് ജീവനക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ പേരിൽ ഇലക്ട്രോണിക് രാജിക്കത്തുകൾ സമർപ്പിക്കുകയായിരുന്നു എന്ന് കേസ് രേഖകൾ വ്യക്തമാക്കുന്നു.

സർക്കാർ സ്ഥാപനവുമായി കരാറുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നവരാണ് ഇരയാക്കപ്പെട്ട ജീവനക്കാർ. കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെ കമ്പനിയിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരിൽ നിന്ന് കോഡുകൾ കൈക്കലാക്കിയത്. ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം കുറവായതിനാൽ തനിക്ക് വന്ന മെസ്സേജ് രാജിക്കത്തിനുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും, ഇതോടെ ജോലി നഷ്ടപ്പെടുകയും അർഹമായ ആനുകൂല്യങ്ങൾ തടയപ്പെടുകയും ചെയ്തതായും ഒരു ജീവനക്കാരൻ മൊഴി നൽകി. എന്നാൽ മറ്റൊരു ജീവനക്കാരൻ മെസ്സേജ് ശ്രദ്ധിക്കുകയും രാജി അംഗീകരിക്കാൻ വിസമ്മതിച്ച് അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.

തൊഴിൽ മന്ത്രാലയത്തിൽ രാജിക്കത്തുകൾ ലഭിച്ചെങ്കിലും, തങ്ങൾ സ്വമേധയാ രാജി വെച്ചതല്ലെന്ന് ജീവനക്കാർ അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇലക്ട്രോണിക് ഒപ്പുകൾ വ്യാജമായി നിർമ്മിച്ചതിനും, ഔദ്യോഗിക തൊഴിൽ സംവിധാനത്തിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിനും പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കുറ്റം ചുമത്തി. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.

article-image

dgdfdsfas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed