ലോക ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയർ പുരസ്‌കാരം പി.ആർ. ശ്രീജേഷിന്

ഇന്ത്യയ്ക്കും കേരളത്തിനും വീണ്ടും അഭിമാനമായി ഇന്ത്യൻ ഹോക്കി സൂപ്പർ താരം പി.ആർ. ശ്രീജേഷ്. ലോക ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയർ പുരസ്‌കാരമാണ് ഇന്നു കേരളത്തിന്റെ ശ്രീയെ തേടിയെത്തിയത്. ഈ അവാർഡ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ശ്രീജേഷ്. 2020−ൽ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാൽ പുരസ്‌കാരം നേടിയിരുന്നു. അവാർഡ് ലഭിച്ചതിൽ അഭിമാനമുണ്ടെന്നും രാജ്യാന്തര ഹോക്കി ഫെഡറേഷന് നന്ദി പറയുന്നുവെന്നും ശ്രീജേഷ് പ്രസ്താവനയിൽ പറഞ്ഞു. പോയ വർഷത്തെ മികച്ച ഗോൾ കീപ്പർക്കുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പുരസ്‌കാരവും ശ്രീജേഷിനായിരുന്നു. −
സ്‌പെയിനിന്റെ ക്ലൈംബർ ആൽബെർട്ടൊ ജിന്‍സ് ലോപസ്, ഇറ്റലിയുടെ വുഷു താരം മിഷേൽ ജിയോർഡാനൊ എന്നിവരെയാണ് ശ്രീജേഷ് പിന്തള്ളിയത്. 1.27 ലക്ഷം വോട്ടുകളാണ് ശ്രീജേഷിന് ലഭിച്ചത്. രണ്ടാമതെത്തിയ ലോപസിന് 67,428 വോട്ടുകൾ ലഭിച്ചു.’’ഇന്ത്യന്‍ ഹോക്കിയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നിമിഷമാണ്. ലോകത്തുള്ള എല്ലാ ഹോക്കി ഫെഡറേഷനുകളും എനിക്ക് വോട്ട് ചെയ്തു. ഹോക്കി കുടുംബത്തിൽ നിന്നുള്ള പിന്തുണ വളരെയധികം സന്തോഷം നൽകുന്നു’’− ശ്രീജേഷ് പറഞ്ഞു. ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടാൻ സഹായിച്ച ടീമിലെ ഓരോ അംഗങ്ങൾക്കും അവാർഡ് സമർപ്പിക്കുന്നതായും ശ്രീ കൂട്ടിച്ചേർത്തു.