മലയാളിയെ ആക്രമിച്ച് കണ്ണു തകർത്തു ; സിറിയൻ സ്വദേശികൾ അറസ്റ്റിൽ

സൗദിയിൽ മലയാളിയെ ആക്രമിച്ച് കണ്ണു തകർത്ത സിറിയൻ സ്വദേശികൾ അറസ്റ്റിൽ. കണ്ണൂർ കൂത്ത്പറമ്പ് സ്വദേശി കൊട്ടാരത്തിൽ സിദ്ധീഖിന് ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച പോയി. ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിലാണ് സംഭവം. ഇദ്ദേഹം ജോലിചെയ്തിരുന്ന സൂപ്പർമാർക്കറ്റിൽ രാത്രി പന്ത്രണ്ട് മണിക്കെത്തിയ രണ്ട് സിറിയൻ സ്വദേശികൾ ആക്രമണം അഴിച്ചു വിടുകയായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്ഥാപിച്ചിരുന്ന തെർമോമീറ്റർ സ്‌റ്റാൻഡ് പിഴുതെടുത്തുകൊണ്ടുള്ള ആക്രമണത്തിൽ തന്റെ ഒരു കണ്ണിന് ഗുരുതര പരിക്ക് പറ്റിയിട്ടും രണ്ടംഗ സംഘത്തിന്റെ ആക്രമണത്തെ ചെറുത്തു തോൽപിക്കുകയായിരുന്നു സിദ്ദിഖ്. സിദ്ധീഖിനെ ഖമീസ് മുശൈത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കണ്ണിന്റെ പരിക്ക് ഗുരുതരമായതിനാൽ അവിടെ നിന്നും അസീർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അടിയന്തര ഓപ്പറേഷൻ നടത്തിയെങ്കിലും സിദ്ധീഖിന്റെ ഒരു കണ്ണിന്റെ കാഴ്ചയ്ക്ക് തകരാർ സംഭവിക്കുകയായിരുന്നു.