സൗദിയിൽ ജോലി ചെയ്യണമെങ്കിൽ വാക്സിൻ നിർബന്ധം

റിയാദ്: രാജ്യത്തെ വ്യാപാര−വാണിജ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളും ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും വാക്‌സിനേഷൻ നിർബന്ധമാണെന്ന വ്യവസ്ഥ നടപ്പിൽ വരുത്തി സൗദി. വ്യാഴാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞതായി മുനിസിപ്പൽ ആന്റ് റൂറൽ അഫയേഴ്‌സ് മന്ത്രാലയം വ്യക്തമാക്കി. ഇനി മുതൽ ജീവനക്കാർക്ക് ജോലി സ്ഥലത്തെത്തി പണിയെടുക്കണമെങ്കിൽ വാക്‌സിനേഷൻ എടുത്തിരിക്കൽ നിർബന്ധമാണ്. അല്ലാത്ത പക്ഷം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷൻ നടപടികൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
ആദ്യഘട്ടത്തിൽ റസ്‌റ്റൊറന്റുകൾ, കഫേകൾ, മറ്റ് ഫുഡ് ഔട്ട്‌ലെറ്റുകൾ, ബാർബർ ഷാപ്പുകൾ, ബ്യൂട്ടി സലൂണുകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് നിയമം നടപ്പിലാക്കുന്നത്. ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തിൽ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും വാക്‌സിൻ എടുക്കണമെന്ന് പബ്ലിക് ട്രാന്‍സ്‌പോർട്ട് അതോറിറ്റി ജീവനക്കാർക്ക് നേരത്തേ നിർദ്ദേശം നൽകിയിരുന്നു. ഇതേപോലെ രാജ്യത്തെ എല്ലാ ജിമ്മുകളിലെയും സ്‌പോർട്‌സ് കേന്ദ്രങ്ങളിലെയും ജീവനക്കാർക്ക് വാക്‌സിൻ നിർബന്ധമാക്കിക്കൊണ്ട് സ്‌പോർട്‌സ് മന്ത്രാലയവും ഉത്തരവിട്ടിരുന്നു.
ഇതിനകം വാക്‌സിന്‍ എടുക്കാത്തവരാണെങ്കിൽ പിസിആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവാണെന്നതിന് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഓരോ ആഴ്ചയും ടെസ്റ്റ് ആവർത്തിക്കണം. വാക്‌സിന്‍ എടുക്കുന്നതു വരെ ഇത് തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാർക്ക് പിസിആർ ടെസ്റ്റ് നടത്തുന്നതിനുള്ള ചെലവ് അതത് സ്ഥാപനങ്ങൾ വഹിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. രാജ്യത്തെ എല്ലാ മേഖലകളിലും വാക്‌സിന്‍ എടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സിഹത്തീ ആപ്പിൽ രജിസ്റ്റർ ചെയ്ത് എത്രയും വേഗം വാക്‌സിൻ സ്വീകരിക്കാൻ ആളുകൾ തയ്യാറാവണമെന്നും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. തങ്ങളുടെ ജീവനക്കാർക്ക് വാക്‌സിന്‍ ലഭിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ എല്ലാ തൊഴിലുടമകളും സ്ഥാപനങ്ങളും സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ജീവനക്കാരുടെയും ജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എല്ലാ ആരോഗ്യ പെരുമാറ്റച്ചട്ടങ്ങളും കർശനമായി പാലിക്കാനും മന്ത്രാലയം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
അതിനിടെ, കൊവിഡ് വ്യാപനത്തെ തുടർന്ന് ഏറെ നാളുകളായി അടഞ്ഞുകിടക്കുകയായിരുന്ന ശീഷ കഫേകൾ 17 മുതൽ തുറന്നുപ്രവർത്തിക്കാൻ അധികൃതർ അനുമതി നൽകി. കർശനമായ വ്യവസ്ഥകളോടെയാണ് മുനിസിപ്പൽ−റൂറൽ അഫയേഴ്‌സ് മന്ത്രാലയം ഇവയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. ഇവിടെയുള്ള ജീവനക്കാർ വാക്‌സിന്‍ എടുത്തവരായിരിക്കണമെന്നതാണ് നിബന്ധനകളിലൊന്ന്. അല്ലാത്ത പക്ഷം ആഴ്ചതോറും പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിൻ എടുത്ത ഉപഭോക്താക്കൾക്ക് മാത്രമേ ഇവിടെ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും നിർദ്ദേശമുണ്ട്. ടേബിളുകൾക്കിടയിൽ നിശ്ചിത അകലം പാലിക്കണം, തുറസ്സായ സ്ഥലങ്ങളിൽ ശീഷ വിതരണം പാടില്ല, ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്ന ഡിസ്‌പോസബ്ൾ ഹുക്കകൾ മാത്രമേ പാടുള്ളൂ, ഒരു സമയത്ത് അഞ്ചു പേരിൽ കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളും മന്ത്രാലയം നൽകിയിട്ടുണ്ട്.