ഉംറ പെർ‍മിറ്റ് നൽ‍കാൻ വ്യാജ ഏജൻസികൾ‍; ജാഗ്രതപാലിക്കാൻ നിർദ്ദേശം


ജിദ്ദ: ഉംറ തീർ‍ത്ഥാടനം നിർ‍വഹിക്കാൻ എത്തുന്നവർ‍ വ്യാജ പെർ‍മിറ്റുകൾ‍ നൽ‍കുന്ന തട്ടിപ്പുകാരുടെ കെണിയിൽ‍ പെടരുതെന്ന് സൗദി അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം വ്യാജ പെർ‍മിറ്റുകളുമായി നിരവധി പേർ‍ ഉംറ നിർ‍വഹിക്കാനെത്തുന്ന പശ്ചാത്തലത്തിലാണ് അധികൃതർ‍ ഇതേക്കുറിച്ച് മുന്നറിയിപ്പ് നൽ‍കിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ‍ പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഉംറ തീർ‍ത്ഥാടകർ‍ക്ക് പെർ‍മിറ്റ് സന്പ്രദായം ഏർ‍പ്പെടുത്തിയത്. തീർ‍ത്ഥാടകർ‍ക്ക് പ്രത്യേക ദിവസവും സമയവുമൊക്കെ നിശ്ചയിച്ചു നൽ‍കുന്നതിലൂടെ പ്രവേശന കവാടത്തിലും തീർ‍ത്ഥാടന കേന്ദ്രങ്ങളിലുമുള്ള തിരിക്ക് വലിയ തോതിൽ‍ കുറയ്ക്കുകയെന്നതാണ് അധികൃതരുടെ ലക്ഷ്യം. പെർ‍മിറ്റ് എടുക്കേണ്ടത് ഇഅ്തമർ‍നാ ആപ്പ് വഴിയാണ്.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സൗദി ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ ഇഅ്തമർ‍നാ മൊബൈൽ‍ ആപ്പിൽ‍ നിന്നാണ് ഉംറ തീർത്‍ഥാടനത്തിനായുള്ള പെർ‍മിറ്റ് ലഭിക്കുക. എന്നാൽ‍, മക്കയിലെത്തുന്ന പലരുടെയും കൈയിൽ‍ വ്യാജ പെർ‍മിറ്റുകളാണെന്ന് പരിശോധനയിൽ‍ കണ്ടെത്തിയതായി ഹജ്ജ്−ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ‍ ഫത്താഹ് ബിൻ സുലൈമാൻ മശാത്ത് അറിയിച്ചു. ഇതിനായി പ്രവർ‍ത്തിക്കുന്ന വ്യാജ ഏജൻസികളാണ് ഈ രീതിയിൽ‍ പെർ‍മിറ്റുകൾ‍ നൽ‍കുന്നത്. ഇത്തരക്കാരുടെ ചതിയിൽ‍ പെടരുതെന്നും അദ്ദേഹം പറഞ്ഞു. ഈ രീതിയിൽ‍ പെർ‍മിറ്റില്ലാതെയോ വ്യാജ പെർ‍മിറ്റുമായോ തീർ‍ത്ഥാടനത്തിനായി വരുന്നത് അധികൃതരുടെ കൊവിഡ് പ്രതിരോധ നടപടികളെ സാരമായി ബാധിക്കുന്നതായും അദ്ദേഹം അറിയിച്ചു.

പെർ‍മിറ്റില്ലാതെയോ വ്യാജ പെർ‍മിറ്റുമായോ ഉംറ തീർ‍ത്ഥാടനത്തിനെത്തുന്നവരെ മക്കയുടെ പ്രവേശന കവാടത്തിൽ‍ തടയുമെന്നും അകത്തേക്ക് കടത്തിവിടുകയില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ് നടപടി. നിയമാനുസൃത പെർ‍മിറ്റുമായി തീർത്‍ഥാടനത്തിനെത്തുന്നവർ‍ അവർ‍ക്കായി സൗദി ഹജ്ജ്−ഉംറ മന്ത്രാലയം ഒരുക്കിയ പൊതുവാഹനത്തിൽ‍ തന്നെ യാത്ര ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു. റോഡിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed