ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിൽ സഹകരണവുമായി സൗദിയും -ബ്രിട്ടണും
റിയാദ് : ശാസ്ത്ര, വിദ്യാഭ്യാസ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ സൗദി അറേബ്യയും ബ്രിട്ടണും ഒപ്പുവെച്ചു. സൗദി − ബ്രിട്ടീഷ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ പ്രഥമ യോഗത്തിന് ശേഷം സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌യുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമാണ് കൗൺസിൽ അധ്യക്ഷർ. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വൈജ്ഞാനിക വളർച്ചയും ശേഷികളും ഉയർത്തി വരും തലമുറകൾക്ക് മുന്നിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് സൗദിയിൽ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് പരസ്പരം സഹകരിക്കുന്നതിന് ധാരണാപത്രം അനുശാസിക്കുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഉന്നതതല പ്രതിനിധികളെ പങ്കെടുപ്പിച്ച് പ്രതിവർഷം വൈജ്ഞാനിക സംവാദം സംഘടിപ്പിക്കുന്നതിനും സൗദിയിൽ വിദ്യാഭ്യാസ സംവിധാനം പരിഷ്‌കരിക്കുന്നതിനെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്നതിനും പാഠ്യപദ്ധതികൾ തയ്യാറാക്കുന്നതിനും സ്വകാര്യ മേഖലയുമായി തന്ത്രപരമായ വിദ്യാഭ്യാസ പങ്കാളിത്തം സ്ഥാപിക്കുന്നതിനും ഇരു വിഭാഗവും ധാരണയിലെത്തി.
സൗദിയിൽ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനാണ് ഇതിലൂടെ പൊതുവിൽ ഉന്നംവെക്കുന്നത്. ധാരണാപത്രം നടപ്പിലാക്കുന്നതിന് ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി സാങ്കേതിക കമ്മിറ്റി രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽഈസ പറഞ്ഞു. അഞ്ചു വർഷ കാലാവധിയുള്ള ധാരണാപത്രം ദീർഘിപ്പിക്കാവുന്നതാണ്.

