മക്കയ്ക്കും മദീനയ്ക്കും നേരെ വീണ്ടും ഡ്രോൺ ആക്രമണശ്രമം; വ്യോമാക്രമണങ്ങൾ വിജയകരമായി തകർത്ത് സൗദി സഖ്യസേന


ശാരിക

റിയാദ്/ഏദൻ: സൗദി അറേബ്യയെയും യമനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് തുടർച്ചയായ ആക്രമണശ്രമങ്ങൾ. ഇസ്‌ലാമിന്റെ പുണ്യനഗരങ്ങളായ മക്കയ്ക്കും മദീനയ്ക്കും നേരെ ആക്രമണശ്രമങ്ങൾ ഉണ്ടായതിന് പിന്നാലെ സൗദിയുടെ ദക്ഷിണ, കിഴക്കൻ പ്രവിശ്യകളിലേക്കും ഡ്രോണുകൾ എത്തിയതായി റിപ്പോർട്ട്. ഈ ആക്രമണശ്രമങ്ങളെല്ലാം സഖ്യസേന ആകാശത്തുവെച്ചുതന്നെ പൂർണ്ണമായും പ്രതിരോധിച്ചു.

വെള്ളിയാഴ്ച രാവിലെയായിരുന്നു മക്കയെ ലക്ഷ്യമിട്ട് ആക്രമണശ്രമമുണ്ടായത്. ഇതിന് പിന്നാലെ രാത്രിയിൽ മദീനക്കു നേരെയും ഡ്രോൺ ആക്രമണശ്രമമുണ്ടായി. സൗദി സഖ്യസേന ഈ ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകർത്തു. പുണ്യനഗരങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ശനിയാഴ്ച പുലർച്ചെ സൗദിയുടെ ദക്ഷിണ, കിഴക്കൻ പ്രവിശ്യകളിലേക്കും രണ്ട് ഡ്രോണുകൾ കൂടി എത്തിയത്. ഇവയെയും സേന തകർത്തെറിഞ്ഞു. എങ്കിലും ആക്രമണങ്ങളുടെ കൃത്യമായ ലക്ഷ്യങ്ങളോ നാശനഷ്ടങ്ങളോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അതേസമയം, യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും ആക്രമണങ്ങൾ രൂക്ഷമായി തുടരുകയാണ്. യമന്റെ തെക്കൻ തുറമുഖ നഗരമായ ഏദനിലെ വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഒക്ടോബറിൽ മാത്രം വിമാനത്താവളത്തിന് നേരെ തുടർച്ചയായ ആക്രമണങ്ങളാണ് ഉണ്ടായത്. ഒക്ടോബർ 28-ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിമാനത്താവളത്തെ ലക്ഷ്യമിട്ടതായി യമൻ സൈനിക വക്താവും ഗതാഗത മന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിൽ സാധാരണക്കാർക്ക് പരിക്കേൽക്കുകയും വിമാനത്താവളത്തിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഏദൻ വിമാനത്താവളത്തിന് പുറമെ, സർക്കാരിന്റെ ആസ്ഥാനമായ മആശിഖ് പ്രസിഡൻഷ്യൽ കൊട്ടാര സമുച്ചയത്തിന് നേരെയും ബാലിസ്റ്റിക് മിസൈൽ ആക്രമണമുണ്ടായി. കൊട്ടാരത്തെ ലക്ഷ്യമിട്ട് രണ്ട് മിസൈലുകൾ എത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒക്ടോബർ 15-ന് മആശിഖ് കൊട്ടാരത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും സിവിലിയൻ ജീവനക്കാരും ഉൾപ്പെടെ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും സുരക്ഷിതരാണെന്ന് സർക്കാർ അറിയിച്ചിരുന്നു.

മക്കക്കും മദീനക്കും നേരെയുണ്ടായ ആക്രമണശ്രമങ്ങളുടെ ഉത്തരവാദിത്തം ഹൂതികൾ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. സഖ്യസേനയുടെ ആരോപണങ്ങൾ തള്ളിയ ഹൂതി സൈനിക വക്താവ് യഹ്‌യ സരീഅ, തങ്ങളുടെ സൈനിക നീക്കങ്ങൾ എണ്ണശുദ്ധീകരണശാലകൾ, എണ്ണസംഭരണ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ എന്നിവ ലക്ഷ്യമിട്ടു മാത്രമുള്ളതാണെന്നാണ് വ്യക്തമാക്കിയത്.

യമനിൽ സൗദിയുടെ പിന്തുണയുള്ള സർക്കാർ സേനയും ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടൽ വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. ചെങ്കടൽ തീരവും തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങളുമാണ് നിലവിൽ സംഘർഷത്തിന്റെ പ്രധാന കേന്ദ്രങ്ങൾ. പ്രത്യേകിച്ച് തായിസ് പ്രവിശ്യയിലാണ് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലുകൾ നടക്കുന്നത്.

article-image

ം്ു്േു

You might also like

  • Lulu Exchange
  • Straight Forward

Most Viewed