സിറിയയുടെ പുനർനിർമാണത്തിന് സൗദി അറേബ്യയുടെ കൈത്താങ്ങ്: 3,600 കോടി രൂപയുടെ വായ്പാ കരാറുകളിൽ ഒപ്പുവെച്ചു
ശാരിക
റിയാദ്: വർഷങ്ങളോളമായി യുദ്ധത്തിൽ തകർന്നടിയുന്ന സിറിയയുടെ പുനർനിർമാണത്തിനും വികസനത്തിനുമായി 403 ദശലക്ഷം ഡോളറിലേറെ (ഏകദേശം 3,600 കോടി രൂപ) വികസന വായ്പ അനുവദിച്ച് സൗദി അറേബ്യ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷറാ എന്നിവരുടെ സാന്നിധ്യത്തിൽ റിയാദിലാണ് ചരിത്രപരമായ ഈ കരാറുകൾ ഒപ്പിട്ടത്. സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് (എസ്എഫ് ഡി) സി.ഇ.ഒ സുൽത്താൻ അൽ മർഷദും സിറിയൻ ധനമന്ത്രി മുഹമ്മദ് യിസർ ബർനിയയുമാണ് വായ്പാ കരാറുകളിൽ ഒപ്പുവെച്ചത്.
വൈദ്യുതി, കുടിവെള്ളം, ആരോഗ്യം, പാർപ്പിടം, അടിസ്ഥാന സൗകര്യം, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ നിർണായക മേഖലകളിൽ നടപ്പാക്കുന്ന ആറ് സുപ്രധാന പദ്ധതികൾക്കായാണ് ധനസഹായം നൽകുന്നത്. അലപ്പോ താപവൈദ്യുത നിലയത്തിലെ ജനറേറ്റിങ് യൂണിറ്റുകളുടെ പുനരുദ്ധാരണത്തിനായി 90 ദശലക്ഷം ഡോളറാണ് മാറ്റിവെച്ചിരിക്കുന്നത്. ഇത് വഴി ഏകദേശം 50 ലക്ഷം ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്തെ കുടിവെള്ള വിതരണ സംവിധാനം പൂർണ്ണമായി നവീകരിക്കുന്നതിന് 30 ദശലക്ഷം ഡോളറിന്റെ പദ്ധതിയും കരാറിലുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിലായി മൂന്ന് ലക്ഷം സ്മാർട്ട് വാട്ടർ മീറ്ററുകൾ സ്ഥാപിക്കും. ഇത് 15 ലക്ഷത്തോളം ആളുകൾക്ക് ആശ്വാസമാകും.
വ്യത്യസ്ത ഗവർണറേറ്റുകളിലായി 25 സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾ പുതുതായി നിർമിക്കുന്നതിനും തകർന്നവ പുനരുദ്ധരിച്ച് സജ്ജീകരിക്കുന്നതിനുമായി 105 ദശലക്ഷം ഡോളർ വകയിരുത്തിയിട്ടുണ്ട്. യുദ്ധത്തിൽ തകർന്നടിഞ്ഞ 10,000 പാർപ്പിട യൂണിറ്റുകൾ പുനരുദ്ധരിക്കുന്നതിന് 60 ദശലക്ഷം ഡോളർ നൽകും. കൂടാതെ രാജ്യത്തെ ആശുപത്രികളുടെയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും നിർമാണം, പുനരുദ്ധാരണം, ആധുനിക മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കൽ എന്നിവക്കായി 100 ദശലക്ഷം ഡോളറും നീക്കിവെച്ചു.
സിറിയൻ ധനകാര്യ മന്ത്രാലയത്തിന്റെ പൂർണ്ണമായ ഡിജിറ്റൽ പരിവർത്തനത്തിനും വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നതിനുമായി 18 ദശലക്ഷം ഡോളറിലേറെയാണ് അനുവദിക്കുക. സർക്കാർ ധനകാര്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്ന ഏകീകൃത ഡിജിറ്റൽ സംവിധാനം ഇതിന്റെ ഭാഗമായി നടപ്പാക്കും. സിറിയയിലെ അടിസ്ഥാന ജനസേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും യുദ്ധത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള സൗദിയുടെ തുടർച്ചയായ പിന്തുണയുടെ ഭാഗമാണ് പുതിയ വികസന കരാറുകൾ.
ോേ്ോേ്

