സൗദിയിൽ തൊഴിലാളികളുടെ താമസസൗകര്യങ്ങളിൽ പുതിയ നിബന്ധനകൾ; 2027 ഫെബ്രുവരി മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം


ശാരിക

റിയാദ്: രാജ്യത്ത് തൊഴിലാളികളുടെ താമസസൗകര്യങ്ങൾ സംബന്ധിച്ച നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തൊഴിലാളി താമസസൗകരണങ്ങളിൽ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. 2027 ഫെബ്രുവരി ഒന്നു മുതലാണ് ഈ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക. 250ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ തങ്ങളുടെ താമസസൗകര്യങ്ങൾ നിയമാനുസൃതമാക്കണമെന്നും ആവശ്യമായ എല്ലാ നിയമങ്ങളും നിബന്ധനകളും പൂർണ്ണമായി പാലിക്കണമെന്നും നാഷനൽ പ്രോഗ്രാം ഫോർ ഡെവലപിങ് ഗ്രൂപ്പ് ഹൗസിങ് ഫോർ ഇൻഡിവിജ്വൽസ് അറിയിച്ചു.

പുതിയ നിബന്ധന ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നതുവരെയുള്ള കാലയളവ് സ്ഥാപനങ്ങൾക്ക് തങ്ങളുടെ താമസസൗകര്യങ്ങൾ ക്രമീകരിക്കാനായി അനുവദിച്ച ഗ്രേസ് പിരീഡായിരിക്കും. ഈ സമയപരിധിക്കുള്ളിൽ ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. അംഗീകൃത മാർഗങ്ങളിലൂടെ സ്ഥാപനങ്ങളുടെ താമസസൗകര്യങ്ങൾ നിയമാനുസൃതമാക്കുന്നതിനും പ്രക്രിയകൾ പൂർത്തിയാക്കുന്നതിനും ആവശ്യമായ പൂർണ്ണ പിന്തുണ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

250ൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് തൊഴിലാളികൾക്ക് താമസസൗകര്യമൊരുക്കാൻ പ്രധാനമായും രണ്ട് മാർഗങ്ങളാണുള്ളത്. സ്വന്തം നിലയിലുള്ള കെട്ടിടത്തിൽ കൂട്ടത്താമസത്തിനുള്ള ലൈസൻസ് കൈപ്പറ്റുക എന്നതാണ് പ്രധാന മാർഗം. ഇതിനായി സർക്കാറിന്റെ അംഗീകൃത പ്ലാറ്റ്‌ഫോമുകളിലൂടെ അപേക്ഷ നൽകുകയും ആവശ്യമായ ആരോഗ്യ, സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും വേണം.

മുൻകൂട്ടി ലൈസൻസ് നേടിയിട്ടുള്ള കൂട്ടത്താമസ കേന്ദ്രങ്ങളുമായി (Collective Housing) കരാറിലേർപ്പെടുകയാണ് രണ്ടാമത്തെ മാർഗം. ഇതിലൂടെ സ്ഥാപനങ്ങൾക്ക് സ്വന്തമായി കെട്ടിടങ്ങൾ പ്രവർത്തിപ്പിക്കാതെ തന്നെ ജീവനക്കാർക്ക് നിയമവിധേയമായ താമസസൗകര്യം ഉറപ്പാക്കാൻ സാധിക്കും.

മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിയിലൂടെ രാജ്യത്തെ തൊഴിലാളികളുടെ കൂട്ടത്താമസ സൗകര്യങ്ങൾ പൂർണ്ണമായി നിയന്ത്രണവിധേയമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും തൊഴിൽ ജീവിതസാഹചര്യങ്ങളുടെ ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. തൊഴിലാളികൾക്ക് അനുയോജ്യമായ നല്ല താമസസാഹചര്യം ഒരുക്കുക, ജീവിതനിലവാരം വർദ്ധിപ്പിക്കുക, നഗരങ്ങളുടെ സൗന്ദര്യവും ആസൂത്രണവും സംരക്ഷിക്കുക എന്നിവയാണ് ഈ പുതിയ നിയന്ത്രണങ്ങളിലൂടെ മുന്നിൽ കാണുന്നത്. നിർദ്ദിഷ്ട നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങൾ ഗുരുതരമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

article-image

asdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed